നിക്കരാഗ്വയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നയതന്ത്രബന്ധം താൽക്കാലികമായി നിർത്തിവച്ചതായി നിക്കരാഗ്വൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ച വത്തിക്കാൻ, നിക്കരാഗ്വയിലെ എംബസി അടച്ചു. ഒർട്ടെഗ ഭരണകൂടം കത്തോലിക്കാ സഭയ്‌ക്കെതിരെ വർഷങ്ങളായി നടത്തിയ അടിച്ചമർത്തലിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് ഈ തീരുമാനം.

ഒർട്ടെഗയുടെ ഭരണകൂടം കാരിത്താസ് നിക്കരാഗ്വ അടച്ചുപൂട്ടാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് അവരുടെ നയതന്ത്ര ദൗത്യങ്ങൾ അവസാനിപ്പിക്കാനുള്ള അഭ്യർത്ഥന. കൂടാതെ ഏഴ് സർവകലാശാലകൾ അടച്ചുപൂട്ടി. അവയിൽ രണ്ടെണ്ണം കത്തോലിക്കാ സഭയുമായി ബന്ധമുള്ള ജോൺ പോൾ II കാത്തലിക് യൂണിവേഴ്സിറ്റിയും ഓട്ടോണമസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയും ആയിരുന്നു.

മനാഗ്വയിലെ വത്തിക്കാൻ പ്രതിനിധി മോൺസിഞ്ഞോർ മാർസെൽ ദിയൂഫ് കഴിഞ്ഞ വെള്ളിയാഴ്ച നിക്കരാഗ്വ വിട്ടു. ഒരു വത്തിക്കാൻ ഉദ്യോഗസ്ഥൻ കോസ്റ്റാറിക്കയിലേക്ക് പോയി. വത്തിക്കാനുമായി ഔപചാരിക നയതന്ത്ര ബന്ധമില്ലാത്ത 13 രാജ്യങ്ങൾ മാത്രമേ ലോകത്തുള്ളൂ. ഈ തീരുമാനത്തോടെ, ഒർട്ടേഗ ഭരണകൂടവും അവയോടൊപ്പം ചേരുകയാണ്.