ന്യൂഡല്‍ഹി: സംസ്ഥാന ജനസംഖ്യയുടെ 46% വരുന്ന മുസ്ലിം, ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ വശത്താക്കി കേരളത്തിന്റെ ഭരണം പിടിക്കാന്‍ ബി.ജെ.പി. ”മാസ്റ്റര്‍ പ്ലാന്‍”. പദ്ധതിയുടെ ഭാഗമായി ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ ഒന്‍പതിനു 10,000 ബി.ജെ.പി. പ്രവര്‍ത്തകര്‍ ഒരുലക്ഷം ക്രിസ്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കും. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലും ബി.ജെ.പി. പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് സമ്മാനങ്ങള്‍ കൈമാറിയിരുന്നു.

ഏപ്രില്‍ 21-ന് ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ മുസ്ലിം ഭവനങ്ങള്‍ സന്ദര്‍ശിക്കും. ഏപ്രില്‍ 15-ന് വിഷു ദിനത്തില്‍ ഇതരമതസ്ഥരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്വവസതികളിലേക്കു ക്ഷണിക്കും. ഹൈദരാബാദില്‍ നടന്ന ബി.ജെ.പി. ദേശീയനിര്‍വാഹകസമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണു കേരളത്തിലെ ന്യൂനപക്ഷങ്ങളുമായി ”സ്‌നേഹസംവാദം” എന്ന ആശയം മുന്നോട്ടുവച്ചത്.

2026-ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ മുന്നണിസര്‍ക്കാര്‍ രൂപീകരിക്കുമെന്നു മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പാര്‍ട്ടി ആസ്ഥാനത്തു നടന്ന പരിപാടിയില്‍ മോദി പ്രഖ്യാപിച്ചിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കേരളത്തിലും തുണയ്ക്കുമെന്നാണു മോദിയുടെ നിലപാട്. കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ ഗുണഭോക്താക്കളെ അണിനിരത്തി കേരളത്തില്‍ ”താങ്ക് മോദി” പദ്ധതിയും ബി.ജെ.പി. ആസൂത്രണം ചെയ്യുന്നു.