ഓസ്റ്റിൻ : യു.എസിലെ ടെക്സസിലെ ഹൂസ്റ്റൺ മേഖലയിൽ റേഡിയോ ആക്ടീവ് വസ്തു അടങ്ങിയ റേഡിയോഗ്രഫി കാമറ കാണാതായി. റേഡിയോ ആക്ടീവ് വസ്തു ഒന്നിലധികം സുരക്ഷാ പാളികളാൽ ആവരണം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ പാളികൾ പൂർണമായും വേർപെടുത്താത്ത പക്ഷം മനുഷ്യർക്ക് ഭീഷണി ഉയർത്തില്ലെന്ന് ടെക്സസ് ഹെൽത്ത് സർവീസ് അധികൃതർ അറിയിച്ചു.

എന്നാൽ റേഡിയോ ആക്ടീവ് വസ്തു അടങ്ങിയ കാപ്സ്യൂൾ പുറത്തെടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ചിലപ്പോൾ അപകടം സൃഷ്ടിച്ചേക്കാമെന്നും ആശങ്കയുണ്ട്. ആരെങ്കിലും ഈ കാമറ കണ്ടാൽ തുറക്കാൻ ശ്രമിക്കരുതെന്നും പകരം അധികൃതരെ അറിയിക്കണമെന്നുമാണ് നിർദ്ദേശം. മറഞ്ഞിരിക്കുന്ന ഘടനകൾ കണ്ടെത്താൻ എണ്ണ, നിർമ്മാണ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു തരം പോർട്ടബിൾ എക്സ് – റേ മെഷീനാണിത്.

വ്യാഴാഴ്ച ഒരു റെസ്റ്റോറന്റിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് ഇത് അപ്രത്യക്ഷമായത്. വാഹനത്തിലുണ്ടായിരുന്ന നിർമ്മാണ തൊഴിലാളികൾ ആഹാരം കഴിക്കാൻ പോയിരുന്നതാണ്. റേഡിയോഗ്രഫി കാമറയ്ക്കായി റെസ്റ്റോറന്റിന്റെ അഞ്ച് മൈൽ ചുറ്റളവിൽ തെരച്ചിൽ നടത്തിയെങ്കിലും വിഫലമായി.

അതേ സമയം,​ അതീവ അപകടകാരിയായ റേഡിയോ ആക്ടീവ് പദാർത്ഥം സീസിയം – 137 അടങ്ങിയ ഒരു ചെറു കാപ്സ്യൂൾ ജനുവരി 10നും 16നും ഇടയിൽ വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഒരു ട്രക്കിൽ നിന്ന് റോഡിൽ നഷ്ടപ്പെട്ടിരുന്നു. വ്യാപക തെരച്ചിലിനൊടുവിൽ റേഡിയേഷൻ ഡിറ്റക്ടിംഗ് ഉപകരണത്തിന്റെ സഹായത്തോടെ ഫെബ്രുവരി 1ന് അധികൃതർ ഈ കാപ്സ്യൂൾ കണ്ടെത്തിയത് അപകടം ഒഴിവാക്കി.