വാഷിംഗ്ടൺ : ചൈനയിലെ വുഹാൻ ലാബുമായുള്ള ബന്ധമടക്കം കൊവിഡ് 19 മഹാമാരിയെ പറ്റി ഇന്റലിജൻസ് ഏജൻസികൾ ശേഖരിച്ച എല്ലാ രഹസ്യവിവരങ്ങളും വെളിപ്പെടുത്തണമെന്ന ബില്ല് യു.എസ് ജനപ്രതിനിധി സഭ ഏകകണ്ഠമായി പാസാക്കി. എതിരില്ലാതെ 419 വോട്ടുകളോടെ പാസാക്കിയ ബില്ല് പ്രസിഡന്റ് ജോ ബൈഡന്റെ പരിഗണനയ്ക്ക് വിട്ടു.

ഈ നിയമനിർമ്മാണം സെനറ്റ് അംഗീകരിച്ചിരുന്നു. ബൈഡൻ ഒപ്പിട്ടാൽ കൊവിഡിന്റെ എല്ലാ വിവരങ്ങളും 90 ദിവസത്തിനുള്ളിൽ പുറത്തുവിടും. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടാൻ അമേരിക്കൻ ജനതയ്ക്ക് അവകാശമുണ്ടെന്ന് ഒഹായോയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധിയും സഭയിലെ ഇന്റലിജൻസ് കമ്മിറ്റി ചെയർമാനുമായ മൈക്കൽ ടർണർ പറഞ്ഞു.

വൈറസ് എങ്ങനെ ഉണ്ടായി,​ വൈറസിന്റെ ഉത്ഭവം സ്വാഭാവികമാണോ അതോ ലബുമായി ബന്ധപ്പെട്ടതാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സഭയിൽ ബൈഡന്റെ ഡെമോക്രാറ്റുകളും നിയമനിർമ്മാണത്തെ അനുകൂലിച്ചത് ശ്രദ്ധേയമായി. കൊവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന്റെ മൂന്നാം വാർഷികത്തിലാണ് നിർണായക നീക്കം.

2019ൽ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് കൊവിഡ് കേസുകൾ ആദ്യം കണ്ടെത്തിയത്. ഇവിടത്തെ ഹ്വനാൻ സീഫുഡ് മാർക്കറ്റിൽ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ചൈന പറയുന്നുണ്ടെങ്കിലും ഉറപ്പിച്ചിട്ടില്ല. തുടക്കത്തിൽ സംഭവം മറയ്ക്കാൻ ചൈന ശ്രമിച്ചതും ഡേറ്റ കൈമാറാൻ വിസമ്മതിച്ചതും അന്താരാഷ്ട്ര വിമർശനത്തിനിടയാക്കി.

വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ലാബിൽ നിർമ്മിച്ച ജനിതക മാറ്റം വരുത്തിയ കൊറോണ വൈറസ് അബദ്ധത്തിൽ ചോർന്നതാണെന്ന സിദ്ധാന്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. വൈറസ് വവ്വാലുകളിൽ നിന്ന് മൃഗങ്ങൾ വഴി മനുഷ്യർക്ക് പകർന്നു എന്നാണ് ശാസ്ത്രലോകം കരുതുന്നത്.

വുഹാനിലെ സീഫുഡ് മാർക്കറ്റിൽ വില്പ്പനയ്ക്കെത്തിച്ച ജീവികളിൽ നിന്നാകാം വൈറസ് മനുഷ്യരിലേക്ക് കടന്നതെന്ന് കരുതുന്നു. വവ്വാലിൽ നിന്ന് വൈറസിനെ മനുഷ്യനിൽ എത്തിച്ച ജീവി ഏതാണെന്നും സ്ഥിരീകരിച്ചിട്ടില്ല. വൈറസിന്റെ ഉത്ഭവത്തിൽ മനുഷ്യർക്ക് പങ്കുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടിട്ടില്ല.

കൊവിഡ് 19 മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് അഥവാ സാർസ് കോവ് – 2 (SARS-CoV-2) ചൈനീസ് ലാബിൽ നിന്ന് ചോർന്നതാകാമെന്ന് അടുത്തിടെ യു.എസ് എനർജി ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. വൈറസ് അബദ്ധത്തിൽ ചോർന്നതാകാമെന്ന് മുമ്പ് എഫ്.ബി.ഐയും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ വാദം ലോകാരോഗ്യ സംഘടനയും തള്ളിയിട്ടില്ല.

ഹ്വനാൻ സീ ഫുഡ് മാർക്കറ്റിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയാണ് വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി. ഇവിടെയാണ് വുഹാൻ നാഷണൽ ബയോസേഫ്‌റ്റി ലാബ്.

അതിമാരക വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ചൈനയിലെ ഏക ലാബും ലോകത്തെ ചുരുക്കും ചില ലാബുകളിൽ ഒന്നുമാണ് ഇത്. ലോകത്തെ ഏറ്റവും അപകടകാരികളായ രോഗകാരികളെ പറ്റിയും വാക്സിനുകളെ പറ്റിയുമുള്ള പഠനങ്ങൾ 2017ൽ പ്രവർത്തനം ആരംഭിച്ച ലാബിൽ ഇവിടെ നടന്നിരുന്നു.

ബയോസേഫ്‌റ്റി ലെവൽ – 4 വിഭാഗത്തിൽപ്പെട്ട ( BSL – 4 അപകടനിരക്ക് ഏറ്റവും ഉയർന്ന ജൈവഘടകങ്ങൾ ) വൈറസുകളെയും ബാക്‌ടീരിയകളെയും കൈകാര്യം ചെയ്യാൻ ശേഷിയുള്ള ചൈനയിലെ ആദ്യ ലാബാണിത്.

വായു കടക്കാത്ത ഹാസ്‌മറ്റ് സ്യൂട്ടുകളും ഹൈഗ്രേഡ് ഗ്ലൗസുകളുമാണ് ഗവേഷകർ ധരിക്കുന്നത്. 2002ൽ ചൈനയിലും ഹോങ്കോംഗിലും പൊട്ടിപ്പുറപ്പെട്ട സാർസ് രോഗത്തിന് കാരണമായ കൊറോണ വൈറസുകളെ ഇവിടെ പഠനവിധേയമാക്കിയിരുന്നു.