ബെർലിൻ: സ്ത്രീ- പുരുഷ ഭേദമന്യേ എല്ലാ നീന്തൽക്കാ‌ർക്കും ഇനി ബെർലിനിൽ മേൽവസ്ത്രമില്ലാതെ നീന്താം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജർമനിയുടെ തലസ്ഥാനത്ത് പുതിയ നിയമം അധികൃതർ പുറത്തിറക്കിയത്. പൊതു നീന്തൽക്കുളത്ത് മേൽവസ്ത്രമില്ലാതെ വെയിൽ കായാനിരുന്നതിന്റെ പേരിൽ പുറത്താക്കിയതിൽ ഒരു യുവതി നിയമനടപടി സ്വീകരിച്ചതിന് പിന്നാലെയാണ് പുതിയ ഉത്തരവ് പുറത്തുവന്നത്.

പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും മേൽവസ്ത്രമില്ലാതെ നീന്താനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് യുവതി സെനറ്റ് ഓംബുഡ്‌സ്‌പേഴ്‌സണിന്റെ ഓഫീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെയാണ് പൊതു നീന്തൽക്കുളത്തിന്റെ പ്രവർത്തനങ്ങളിൽ ചുമതലയുള്ള ബെർലിൻ ബീഡർബിട്രീബ് നിയമത്തിൽ മാറ്റം വരുത്തിയത്. ലിംഗഭേദമന്യേ നഗ്നതയിൽ ജർമനി ഇളവുകൾ നൽകാറുണ്ട്. എന്നാൽ പൊതുനീന്തൽക്കുളങ്ങളിൽ ഇത് അനുവദനീയമാണോയെന്ന തർക്കം നിലനിന്നിരുന്നു.