കോഴിക്കോട്: കൈക്കൂലിയായി നല്‍കിയ ഐഫോണിന്റെ നിറവും ജി.ബി.യും പോരാതെ വേറെ ഫോണും പണവും കൈക്കൂലി ചോദിച്ച എസ്ഐ യെ വിജിലന്‍സ് പിടികൂടി. എസ്ഐ യെയും ഇടനിലക്കാരനെയും റിമാന്‍ഡിലേക്ക് മാറ്റി. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് എസ്ഐ അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി സുഹൈൽ(36), ഏജൻ്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇല്ലാത്ത കേസ് ഉണ്ടെന്ന് പറഞ്ഞ് വഞ്ചനക്കേസ് പ്രതിയിൽ നിന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയത്. കേസ് ഉണ്ടെന്ന് വിശ്വസിപ്പിക്കുകയും ഐഫോൺ 14 നൽകിയാൽ സഹായിക്കാമെന്നും പറഞ്ഞതായി ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മറ്റൊരാള്‍ വഴി എസ്.ഐ യ്ക്ക് കഴിഞ്ഞ മാസം രണ്ടാം തീയതി കറുത്ത നിറത്തിലുള്ള ഐഫോണ്‍ വാങ്ങിക്കൊടുത്തു. എന്നാല്‍ നിറം നീല മതിയെന്നു പറഞ്ഞ് ഉടക്കിയ എസ്.ഐ. തനിക്ക് മൂന്നരലക്ഷം രൂപ കൂടി വേണമെന്നും പറഞ്ഞു.

ഫോണ്‍ ഉടന്‍ കൊടുത്തയയ്ക്കാമെന്നും പണം ഉണ്ടാക്കാന്‍ സാവകാശം വേണമെന്നും പറഞ്ഞപ്പോള്‍ താമസിച്ചാല്‍ കൂടുതല്‍ കുഴപ്പമുണ്ടാക്കുമെന്ന് പരാതിക്കാരനെ പോലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും അറിയിക്കുകയും വിജിലന്‍സ് അന്വേഷണത്തിന് ആളെ വിടുകയുമായിരുന്നു. കഴിഞ്ഞമാസം 24 ന് ഇരിങ്ങാലക്കുടയിലുള്ള ഏജന്റ് ഹാഷീമിന്റെ കയ്യില്‍ ഐഫോണ്‍ കൊടുത്തയച്ചു. കൈക്കൂലിയായി ആവശ്യപ്പെട്ട മൂന്നര ലക്ഷം രൂപയിൽ നിന്ന് അരലക്ഷം രൂപ ബഷീറിനെ ഏൽപ്പിക്കുന്നതിനിടെ ബഷീറിനേയും സൂഹൈലിനേയും വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

2017 ൽ മലപ്പുറം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായിരുന്ന പരാതിക്കാരന് 2019ൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റൊരു കേസന്വേഷണത്തിനായി ബെംഗളൂരുവിൽ എത്തിയ സുഹൈൽ പരാതിക്കാരനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതിന് പുറമേ എസ്.ഐ വേറെയും കേസുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.