വാഷിംഗ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഔപചാരികമായി ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുകൂട്ടര്‍ക്കും സ്വീകാര്യമാകുന്ന സമയത്ത്, ജൂണിലോ ജൂലായിലോ സന്ദര്‍ശനം നടന്നേക്കുമെന്നാണ് സൂചന. അമേരിക്കയുടെ അതിഥിയായിട്ടാവും ക്ഷണം.

മോദിയുമായി ബൈഡന്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. സെപ്തംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്‍പ് സൗഹൃദ സന്ദര്‍ശനം നടത്താനാണ് ഇരു നേതാക്കളുടെയും തീരുമാനം.

പ്രധാനമന്ത്രിയായ ശേഷം ഇതിനകം നിരവധി തവണ മോദി അമേരിക്കയില്‍ എത്തിയിട്ടുണ്ട്. യു.എന്‍ യോഗത്തില്‍ അടക്കമുള്ള ഔദ്യോഗിക ആവശ്യങ്ങള്‍ക്കായിരുന്നു അത്. എന്നാല്‍ രണ്ട് പരമാധികാര രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സൗഹാര്‍ദ്ദ പ്രകടനമായാണ് ഈ സന്ദര്‍ശനത്തെ കാണുന്നത്. പൊതുചടങ്ങുകളും ഔപചാരിക വിരുന്നുകളും സന്ദര്‍ശനത്തിലുണ്ടാകും.

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇതിനു മുന്‍പ് അമേരിക്കയില്‍ ഔപചാരിക സന്ദര്‍ശനത്തിന് എത്തിയത് 2009 നവംബറിലാണ്. പ്രസിഡന്റ് ബരാക് ഒബാമയാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിംഗിനെ ക്ഷണിച്ചത്. പ്രസിഡന്റ് ബൈഡന്‍ 2022ല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ സന്ദര്‍ശനത്തിന് ക്ഷണിച്ചിരുന്നു.