ദേശീയപാതകളില്‍ ട്രാക്ക് തെറ്റിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി മോട്ടോര്‍വാഹന വകുപ്പ് പരിശോധന ആരംഭിച്ചു. ബോധവത്കരണത്തിന്റെയും താക്കീതിന്റെയും ഘട്ടവും പിന്നിട്ടത്തോടെ പിഴയീടാക്കാനുളള നടപടി സ്വീകരിച്ചിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ലെയ്ൻ ട്രാഫിക് നിയമമനുസരിക്കാത്തവരില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കാനാണ് നിര്‍ദേശം.

വലിയ വണ്ടികളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധന വാളയാര്‍ മുതല്‍ ആലുവവരെയുളള പാതയില്‍ ചൊവ്വാഴ്ച്ച ആരംഭിച്ചു. ലെയ്ൻ ട്രാഫിക് നിയമം അനുസരിച്ച് ഇടത് വശത്ത് കൂടി മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ, എന്നാല്‍ വാഹനത്തിനെ മറികടക്കുന്നതിനായി വലത്ത് വശത്തു കൂടി സഞ്ചരിക്കാം.

2022 ഒക്ടോബര്‍ ഒന്‍പത് പേരുടെ ജീവനെടുത്ത ബസ്സപകടം നടന്നത് വാളയാര്‍- വടക്കാന്‍ഞ്ചേരി നാല് വരി ദേശീയ പാതയിലെ അഞ്ചുമൂര്‍ത്തി മംഗലത്തായിരുന്നു. ലെയ്ന്‍ ട്രാഫിക് നിയമം പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നായിരുന്നു വിലയിരുത്തല്‍. ലെയിന്‍ ട്രാഫിക് നിയമം നടപ്പാക്കാനുളള നിര്‍ദേശം നിയമസഭാ സബ്ജക്ട് കമ്മിറ്റിയും നല്‍കിയിരുന്നു.

ഓട്ടോറിക്ഷ, ഇരു ചക്ര വാഹനങ്ങല്‍ തുടങ്ങിയ വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍ ഇടത് ട്രാക്കിലൂടെ മാത്രമാണ് സഞ്ചരിക്കേണ്ടത്. എന്നാല്‍ മറ്റ് വാഹനങ്ങളെ മറി കടക്കുന്ന സാഹചര്യങ്ങളില്‍ വലത് ട്രാക്കിലേക്ക് കയറാന്‍ കഴിയും. കാര്‍, ജീപ്പ്, മിനി വാന്‍ തുടങ്ങിയ വേഗപരിധി കൂടിയ വാഹനങ്ങള്‍ വലത് ട്രാക്കിലൂടെയാണ് സഞ്ചരിക്കേണ്ടത്. വേഗം കുറച്ചാണ് പോകുന്നതെങ്കില്‍ ഇടത് ട്രാക്ക് ഇവയ്ക്ക് ഉപയോഗിക്കാം.