മുസ്‌ലിം സ്ത്രീകള്‍ വിവാഹമോചനത്തിന് കുടുംബ കോടതിയെയാണ് സമീപിക്കേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി. ശരീഅത്ത് പോലുള്ള കൗണ്‍സിലുകള്‍ക്കോ, സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ ഇതിന് അനുവാദമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹം അസാധുവാക്കാന്‍ അധികാരമുളളത് കോടതികള്‍ക്ക് മാത്രമാണെന്നും ശരീഅത്ത് കൗണ്‍സില്‍ കോടതിയോ, മധ്യസ്ഥരോ അല്ലെന്നും ഉത്തരവില്‍ പറയുന്നു.

മുഹമ്മദ് റാഫി എന്ന വ്യക്തി ഭാര്യക്ക് വിവാഹമോചനം നല്‍കിയ തമിഴ്നാട് തൗഹീദ് ജമാഅത്ത് കൗണ്‍സിലിന്റെ നടപടിയിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മുസ്ലീം വ്യക്തി നിയമ പ്രകാരം ‘ഖുല’ ക്ക് (വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍) ഈ സമുദായത്തിലെ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഇതില്‍ അന്തിമമായി വിധി പ്രഖ്യപിക്കേണ്ടത് കോടതിയാണ്.

ഏതെങ്കിലും ഒരു വ്യക്തിക്കോ, സ്ഥാപനത്തിനോ, ഖുല സര്‍ട്ടിഫിക്കറ്റ് പോലുളളവയ്‌ക്കോ നിയമപരമായ അനുമതിയില്ലെന്നും ഭര്‍ത്താവ് വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

എന്നാല്‍ കേരള ഹൈക്കോടതി ഇതിന് നിയമസാധുതയുണ്ടെന്നത് ശരിവച്ചിട്ടുണ്ടെന്നും മുഹമ്മദിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും എതിര്‍കക്ഷികള്‍ വാദിച്ചു. എന്നാല്‍ ഏകപക്ഷിയമായ വിവാഹമോചനത്തിന് ഖുലയില്‍ മുസ്ലീം സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നാണ് കേരള ഹൈക്കോടതിയുടെ വിധിയെന്നും ശരീഅത്ത് പോലുള്ള കൗണ്‍സിലുകളെ കോടതി അംഗീകരിച്ചിട്ടില്ലെന്നും ജസ്റ്റിസ് ശരവണന്‍ വിശദമാക്കി.