വാഷിങ്ടൺ: ഇന്ത്യയുൾപ്പടെയുള്ള എല്ലാ രാഷ്ട്രങ്ങളും അഭിപ്രായ സ്വാതന്ത്ര്യം പോലെയുള്ള ജനാധിപത്യ മൂല്യങ്ങൾ പിന്തുടരണമെന്ന് യു.എസ് വക്താവ്. മോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി വിവാദം പത്ര സ്വതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണെന്നും യു.എസ് വക്താവ് നേഡ് പ്രൈസ് പറഞ്ഞു. വാഷിങ്ടൺ പത്രസ്വതന്ത്യത്തിനെ ഉയർത്തിപ്പിടിക്കുന്നുവെന്നും ലോകമെമ്പാടുമുള്ള എല്ലാ രാഷ്ട്രങ്ങളും ഇത്തരം ജനാധിപത്യ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും നേഡ് പറഞ്ഞു.

പത്രസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്നു ഞങ്ങൾ മനസ്സിലാക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. മറ്റു ലോകരാഷ്ട്രങ്ങളുമായ ബന്ധത്തിലും ഞങ്ങൾ ഊന്നൽ നൽകുന്നത് ഈ ആശയത്തിനാണ്. ഇന്ത്യയുമായും അങ്ങനെ തന്നെ. ബി.ബി.സി ഡോക്യുമെന്റിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നേഡ് പറഞ്ഞു. 

അതേസമയം, കഴിഞ്ഞ ദിവസം ഡോക്യുമെന്ററിയെ കുറിച്ചറിയില്ലെന്നും എന്നാൽ, ഊർജ്ജസ്വലമായ രണ്ടു ജനാധിപത്യ രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും യു.എസും പങ്കിടുന്ന മൂല്യങ്ങളെ കുറിച്ച് തനിക്കറിയാമെന്നും നേഡ് പ്രൈസ് പ്രസ്താവന നടത്തിയിരുന്നു.

രാഷ്ട്രീയമായും സാമ്പത്തികമായും ഇന്ത്യയും യു.എസും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തെ താങ്ങിനിർത്തുന്ന ഘടകങ്ങളുണ്ട്. ഇരുരാജ്യങ്ങളേയും ചേർത്തുനിർത്തുന്ന മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാനാവണം ശ്രമിക്കേണ്ടത്. ഇന്ത്യയും യു.എസും തമ്മിലുള്ള പങ്കാളിത്തം ശക്തമാണ്. ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങളാണ് ഇരു രാജ്യങ്ങളും പിന്തുടരുന്നതെന്നും നേഡ് പ്രൈസ് പറഞ്ഞു. 

നിങ്ങൾ ചോദിക്കുന്ന ഡോക്യുമെന്ററിയെ കുറിച്ച് എനിക്കറിയില്ല. പക്ഷേ ഊർജ്ജസ്വലവും സമ്പന്നവുമായ രണ്ടു ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ യു.എസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളേപ്പറ്റി എനിക്ക് നന്നായി അറിയാം, നേഡ് വ്യക്തമാക്കി.