കോഴിക്കോട്: നല്ലളം സ്വദേശിയുടെ 20 ലക്ഷത്തോളം രൂപ ഓൺലൈനായി തട്ടിയെടുത്ത നൈജീരിയൻ സ്വദേശി അറസ്‌റ്റിൽ. OLXൽ വിൽപ്പനയ്ക്ക് വെച്ച ആപ്പിൾ ഐ-പാഡ് വാങ്ങാനെന്ന വ്യാജേന പ്രതികൾ ഓൺലൈനിലൂടെ പരാതിക്കാരനെ ബന്ധപ്പെടുകയായിരുന്നു. അമേരിക്കയിലെ വെൽസ് ഫാർഗോ ബാങ്കിന്റെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ രസീത് ഇ-മെയിൽ വഴി ഇവർ അയച്ചു കൊടുത്തു. 

ഇതിന് പുറമെ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഇ-മെയിൽ സന്ദേശങ്ങൾ അയച്ചുമാണ് പ്രതികൾ പരാതിക്കാരന്റെ വിശ്വാസം പിടിച്ചുപറ്റിയത്. തുടർന്നാണ് 20 ലക്ഷത്തോളം രൂപ ഓൺലൈനായി തട്ടിയെടുത്തത്. ഈ കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ അകുഷി ഇഫിയാനി ഫ്രാങ്ക്ളിൻ എന്ന നൈജീരിയൻ സ്വദേശി. തട്ടിപ്പിന് ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്‌തത് ഇഫിയാനി ഫ്രാങ്ക്ളിൻ ആണെന്ന് പോലീസ് അറിയിച്ചു.

ഇതേ കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ സ്വദേശികളായ ഇമ്മാനുവേൽ ജെയിംസ് ലെഗ്ബെട്ടി, ഡാനിയൽ ഒയിവാലേ ഓലായിങ്ക എന്നിവർ നേരത്തെ പിടിയിലായിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഫോൺകോളുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരീക്ഷിച്ചാണ് മുഖ്യപ്രതിയിലേക്കുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.