ജറുസലേം: ബൈബിളില്‍ പരാമര്‍ശിക്കുന്ന ശീലോഹാം കുളം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു. ജറുസലേമിനു സമീപം ദാവീദിന്റെ നഗരത്തിലാണു ക്രിസ്‌ത്യാനികളും ജൂതന്മാരും വിശുദ്ധമായി കരുതുന്ന കുളം. ചരിത്ര ഗവേഷകരുടെ സഹായത്തോടെ നടത്തിയ ഉദ്‌ഖനനം പൂര്‍ത്തിയായ സാഹചര്യത്തിലാണു തുറന്നുകൊടുക്കുന്നത്‌.


ബൈബിളില്‍ രാജാക്കന്മാരുടെ പുസ്‌തകത്തിലാണു കുളത്തെക്കുറിച്ച്‌ ആദ്യ പരാമര്‍ശമുള്ളത്‌. ഹെസക്കിയ രാജാവിന്റെ കാലത്താണു കുളം നിര്‍മിച്ചതെന്ന പരാമര്‍ശമാണത്‌. 2,700 വര്‍ഷം മുമ്പാണു ശലോഹാം കുളം നിര്‍മിച്ചതെന്നാണു നിഗമനം. ബൈബിളിന്റെ പുതിയ നിയമത്തില്‍ യോഹന്നാന്‍ ഒന്‍പതാം അധ്യായത്തില്‍ കുളത്തിന്റെ കരയില്‍വച്ച്‌ അന്ധനെ യേശു സുഖപ്പെടുത്തുന്നതായുണ്ട്‌. “യേശു നിലത്തു തുപ്പി തുപ്പല്‍കൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേല്‍ പൂശി. നീ ചെന്നു ശിലോഹാംകുളത്തില്‍ കഴുകുക എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവന്‍ എന്നര്‍ത്ഥം. അവന്‍ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു.” – ഇങ്ങനെയാണു രോഗശാന്തി വിവരിക്കുന്നത്‌.


യെരുശലേം ദേവാലയത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ്‌ വിശ്വാസികള്‍ ശീലോഹാം കുളത്തില്‍ ശരീരശുദ്ധി വരുത്തിയിരുന്നതായാണു വിശ്വാസം. 2004 ല്‍ ശീലോഹോം കുളത്തിനു സമീപത്തുകൂടി യെരുശലേം ദേവാലയത്തിലേക്കുള്ള 320 മീറ്റര്‍ നീളമുള്ള പാത കണ്ടെത്തിയിരുന്നു. പിന്നീട്‌ 702 കോടി രൂപ ചെലവിട്ട്‌ ഇവിടെ ഗവേഷണം നടത്തുകയായിരുന്നു. കുളത്തിന്റെ ചെറിയ ഭാഗം നേരത്തെ തന്നെ തുറന്നുകൊടുത്തിരുന്നു.