കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിയുമായി ഒളിച്ചോടിയ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍. പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസറായ പ്രകാശനാണ് പിടിയിലായത്. കുട്ടിയുമായി ട്രെയിനില്‍ എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. 55കാരനായ ഇയാള്‍ അയിരൂര്‍ സ്വദേശിയാണ്. 

പതിനാലുകാരിയുമായി ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ച പ്രതി കുട്ടിയെ വീട്ടില്‍ നിന്ന് ഇറങ്ങിവരാന്‍ പ്രേരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഡിസംബര്‍ 3ന് ആയിരുന്നു സംഭവം. തുടര്‍ന്ന് കുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് അന്വേഷണം പ്രകാശനിലേക്ക് എത്തിച്ചത്. പിന്നാലെ  ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഇരുവരും എറണാകുളത്തുണ്ടെന്ന് ഉറപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.