അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ ആർമിയും, പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികരും തമ്മിൽ ഏറ്റുമുട്ടി ദിവസങ്ങൾക്ക് ശേഷം, രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് പ്രസ്‌താവന ഇറക്കിയിരിക്കുകയാണ് ചൈനയിപ്പോൾ. ഇന്ത്യ-ചൈന ബന്ധത്തിന്റെ സുസ്ഥിരമായ വളർച്ചയിലേക്കുള്ള ദിശയിൽ ഇന്ത്യയുമായി സഹകരിക്കാൻ തയ്യാറാണെന്ന് ചൈന അറിയിച്ചു.

“ചൈന-ഇന്ത്യ ബന്ധത്തിന്റെ സുസ്ഥിര വളർച്ചയിലേക്കുള്ള ദിശയിൽ ഇന്ത്യയുമായി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്” ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു. ഇരു രാജ്യങ്ങളും നയതന്ത്ര മാർഗങ്ങളിലൂടെ ആശയവിനിമയം നടത്തുന്നുണ്ടെന്നും അതിർത്തി പ്രദേശങ്ങളിൽ സ്ഥിരത ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

“ചൈനയും ഇന്ത്യയും നയതന്ത്ര, സൈനിക-സൈനിക മാർഗങ്ങളിലൂടെ ആശയവിനിമയം നിലനിർത്തിയിട്ടുണ്ട്, അതിർത്തി പ്രദേശങ്ങളിൽ സ്ഥിരത ഉയർത്തിപ്പിടിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്” മന്ത്രി കൂട്ടിച്ചേർത്തു. 

ഡിസംബർ 20ന് ഇന്ത്യയും ചൈനയും 17-ാമത് കമാൻഡർ തല ചർച്ചകൾ നടത്തുകയും പടിഞ്ഞാറൻ മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ഇരു കൂട്ടരും സമ്മതം മൂളുകയും ചെയ്‌ത ശേഷമാണ് ഈ പുതിയ സംഭവ വികാസം ഉണ്ടായിരിക്കുന്നത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ഇരു കക്ഷികളും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചിരുന്നു.

നേരത്തെ ഡിസംബർ ഒൻപതിന് അരുണാചൽ പ്രദേശിലെ തവാങ് സെക്‌ടറിലെ യഥാർത്ഥ നിയന്ത്രണരേഖയിലാണ് ഇന്ത്യ ചൈന സൈനികർക്ക് ഇടയിൽ സംഘർഷം ഉണ്ടായത്. ഇക്കാര്യം ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ സൈനികരിൽ ആറ് പേർക്കാണ് പരിക്കേറ്റത്.