കശ്‌മീർ മേഖലയിലെ തീവ്രവാദികളുടെ എണ്ണം കുറയ്ക്കുന്നതിൽ സുരക്ഷാ സേന വലിയ തോതിൽ വിജയിച്ചിട്ടുണ്ടെന്ന് സൂചനകളുമായി സൈന്യം. നിലവിൽ മേഖലയിലുള്ള സജീവ തീവ്രവാദികളുടെ എണ്ണം വളരെ കുറവാണെന്ന് ബാരാമുള്ളയിലെ ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

മേഖലയിൽ തീവ്രവാദികൾ വലിയ തോതിൽ ആയുധങ്ങൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ മേഖലയിലേക്ക് പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ഷോട്ട്ഗൺ അടക്കമുള്ള ആയുധങ്ങൾ അയക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ലോഞ്ചിംഗ് പാഡുകളിൽ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന കാര്യത്തിൽ സംശയമില്ല, എന്നാൽ നിയന്ത്രണ രേഖയിൽ (എൽഒസി) നിയോഗിച്ച ജവാൻമാർ പ്രകടിപ്പിക്കുന്ന ജാഗ്രത തീവ്രവാദികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്, ലോഞ്ചിംഗ് പാഡുകളിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

നേരത്തെ വടക്കൻ കശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി ഹത്‌ലംഗ സെക്‌ടറിൽ നിന്ന് ശനിയാഴ്‌ച സുരക്ഷാ സേന വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. 8 എകെ 74U, 24 എകെ 74 മാഗസിനുകൾ, 12 ചൈനീസ് പിസ്‌റ്റളുകൾ, 24 പിസ്റ്റൾ മാഗസിനുകൾ, 9 ചൈനീസ് ഗ്രനേഡുകൾ, 5 പാക്ക് ഗ്രനേഡുകൾ, 5 ഗോതമ്പ് ബാഗുകൾ, 81 പാക്ക് ബലൂണുകൾ, 560 റൗണ്ട് എകെ 47, 244 റൗണ്ട് പിസ്‌റ്റലുകൾ എന്നിവയാണ് പിടികൂടിയത്.