വരന്റെ വേഷം ധരിച്ച്, കുതിരപ്പുറത്തെത്തി കളക്ട്രേറ്റ് മാര്‍ച്ച് നടത്തി ഒരു കൂട്ടം യുവാക്കള്‍. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് വ്യത്യസ്തമായ ഈ സംഭവം നടന്നത്. വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാത്തതും സംസ്ഥാനത്തെ സ്ത്രീപുരുഷ അനുപാതത്തിലെ കുറവുമാണ് ഏകദേശം 50 ഓളം വരുന്ന യുവാക്കളുടെ പ്രതിഷേധത്തിനിടയാക്കിയത്. 

മഹാരാഷ്ട്രയിലെ കുറഞ്ഞ സ്ത്രീ-പുരുഷ അനുപാതം ഉയര്‍ത്തിക്കാട്ടിയായിരുന്നു അവിവാഹിതരായ ഈ യുവാക്കളുടെ പ്രതിഷേധ മാര്‍ച്ച്. സംസ്ഥാനത്ത് ആണ്‍-പെണ്‍ അനുപാതം വര്‍ധിപ്പിക്കുന്നതിന് പ്രീ-കണ്‍സെപ്ഷന്‍ ആന്‍ഡ് പ്രീ-നാറ്റല്‍ ഡയഗ്‌നോസ്റ്റിക് ടെക്നിക്സ് (പിസിപിഎന്‍ഡിടി) നിയമം നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിസിപിഎന്‍ഡിടി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേ (2019-21 ) പ്രകാരം മഹാരാഷ്ട്രയിലെ  സ്ത്രീപുരുഷാനുപാതം 1000 പുരുഷന്മാര്‍ക്ക് 920 സ്ത്രീകള്‍ എന്നാണ്.