ഡൽഹി കലാപക്കേസിലെ പ്രതി ഉമർ ഖാലിദ് ജയിൽ മോചിതനായി. തിഹാർ ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി കർകർദൂമ കോടതിയിൽ നിന്ന് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. പിന്നാലെയാണ് തിഹാർ ജയിലിൽ നിന്നും അദ്ദേഹം മോചിതനായത്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് ഉമർ ഖാലിദ് കോടതിയെ സമീപിച്ചിരുന്നു. 

ഒരാഴ്ച്ചത്തെ  ജാമ്യമാണ് ഉമർ ഖാലിദിന് ലഭിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണിത്. മാധ്യമ പ്രവർത്തകരോട് സംസാരിക്കരുതെന്നും സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. അന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകൾ ലംഘിച്ചാൽ ഇടക്കാല ജാമ്യം റദ്ദാക്കും. കോടതി ഉത്തരവ് പ്രകാരം ഡിസംബർ 30ന് ഉമർ ഖാലിദ് കീഴടങ്ങണം. 

ഡൽഹി വംശഹത്യയിലേക്ക് നയിച്ച സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 2020 സെപ്തംബർ 13നാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ സൂഢാലോചന നടത്തിയെന്നുമായിരുന്നു ഉമർ ഖാലിദിനെതിരായ ആരോപണം. യുഎപിഎയ്‌ക്കൊപ്പം ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരവും ഉമർ ഖാലിദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ഡൽഹിയിലെ ജാമിഅയിലും വടക്കുകിഴക്കൻ ഡൽഹിയിലും വ്യാപക പ്രതിഷേധം നടന്നിരുന്നു. തുടർന്ന്, ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടന്ന സംഘർഷത്തിലും വംശഹത്യയിലും 53 പേർ മരിക്കുകയും 700ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരെയുള്ള പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.