തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ കഴിഞ്ഞ ദിവസം സമ്മാനിച്ച മുഴുവന്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചുവാങ്ങാന്‍ കോളേജ് അധികൃതര്‍. പരീക്ഷ പാസ്സാകാത്ത 7 പേര്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നലെയാണ് അധികൃതരുടെ നടപടി.

പരീക്ഷ പാസ്സാകാതെ സര്‍ട്ടിഫിക്കറ്റ് കിട്ടിയ വിദ്യാര്‍ഥികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് തിരികെ വാങ്ങിത്തുടങ്ങി. ചടങ്ങില്‍ വിതരണം  ചെയ്ത മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും തിരികെ വാങ്ങാനാണ് കോളജ് അധികൃതരുടെ തീരുമാനം. സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുവാങ്ങാന്‍ വിസി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പ്രിന്‍സിപ്പാള്‍ നടപടിയെടുത്തത്. സര്‍വകലാശാലയുടെയോ, കോളേജിന്റെയോ സീല്‍ ഇല്ലാത്ത സര്‍ട്ടിഫിക്കറ്റാണ് ചടങ്ങില്‍ വിതരണം ചെയ്തത്. എന്നിരുന്നാലും സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

കഴിഞ്ഞ വ്യാഴാഴ്ച കോളജില്‍ സംഘടിപ്പിച്ച ബിഎഎംഎസ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങിലായിരുന്നു പരീക്ഷ തോറ്റ വിദ്യാര്‍ഥികളും പങ്കെടുത്തത്. പരീക്ഷ പാസ്സാകാത്ത ഏഴ് പേരാണ് ബിരുദദാന ചടങ്ങില്‍ പങ്കെടുത്തത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടിട്ടുണ്ട്.