കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് റിപ്പോർട്ട് ചെയ്തത്. നഗരത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. ആളപായങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 

സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ 2. 30ഓടെയായിരുന്നു സംഭവം. മൂന്നരയോടെ വിവിധ ഇടങ്ങളിൽ വൈദ്യുതി ബന്ധം നഷ്ടപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നു. ഹംബോൾട്ട് കൗണ്ടിയിലെ 60,000ത്തിൽ അധികം ആളുകൾ ഇത്തരത്തിൽ പരാതിപ്പെട്ടിട്ടുണ്ട്. 

കാലിഫോർണിയയിലെ ഈൽ നദിയ്ക്ക് കുറുകെയുള്ള പാലം അടച്ചതായി പോലീസ് അറിയിച്ചു. പാലത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണിത്. ഹംബോൾട്ട് കൗണ്ടിയിൽ നാല് റോഡുകൾ അടച്ചിട്ടുണ്ട്. ഗ്യാസ് ലൈനുകൾ പൊട്ടാൻ സാദ്ധ്യതയുണ്ടോ എന്ന് അധികൃതർ പരിശോധിക്കുകയാണ്.