അനന്തപുർ: വാഷിങ് മെഷീനിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അടിയേറ്റ് യുവതി മരിച്ചു. ആന്ധ്രപ്രദേശിലെ കാദിരി മസനം പേട്ട സ്വദേശി പത്മാവതി ഭായ് (29) ആണ് മരിച്ചത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് യുവതിയുടെ സമീപവാസികളായ വെന്മണ്ണ നായിക്, മകൻ പ്രകാശ് നായിക് എന്നിവരെ കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കാദിരി ടൗണിലെ മശാനംപേട്ടയിലാണ് ഭർത്താവിനും കുട്ടിക്കുമൊപ്പം പത്മാവതി താമസിച്ചിരുന്നത്. പത്മാവതിയുടെ വാഷിങ് മെഷീനിൽ നിന്നുള്ള മലിനജലം വീടിന് സമീപത്തേക്ക് ഒഴുകിയെത്തിയെന്ന് ആരോപിച്ച് വെമ്മണ്ണ എത്തിയതോടെയാണ് തർക്കം ആരംഭിച്ചത്.

ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ വെമ്മണ്ണയുടെ മകൻ പ്രകാശ് വിഷയത്തിൽ ഇടപെട്ടു. തർക്കം കയ്യേറ്റത്തിലേക്ക് നീങ്ങിയതോടെ വെമ്മണ്ണയും മകനും ചേർന്ന് യുവതിയെ ആക്രമിക്കുകയും കല്ല് ഉപയോഗിച്ച് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ പത്മാവതിയെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. സമീപവാസികളുടെ സഹായത്തോടെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

പരിക്ക് ഗുരുതരമായതിനാൽ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശം നൽകി. ബെംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത കദിരി ടൗൺ പോലീസ് സമീപവാസികളായ വെന്മണ്ണ നായിക്, മകൻ പ്രകാശ് നായിക് എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.