ചൈനീസ് ഹാക്കര്‍മാര്‍ ദശലക്ഷക്കണക്കിനു ഡോളര്‍ മൂല്യമുള്ള യു എസ് കോവിഡ് ദുരിതാശ്വാസ തുക കവര്‍ന്നതായി സീക്രട്ട് സര്‍വിസ്. 2020 മുതല്‍ പണം കവര്‍ന്നുവെന്നാണു സീക്രട്ട് സര്‍വിസ് പറയുന്നത്.

ആരോപണം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ സീക്രട്ട് സര്‍വിസ് തയാറായില്ല. അതേസമയം, എപിടി41 അല്ലെങ്കില്‍ വിന്റി എന്ന് സുരക്ഷാ ഗവേഷണ മേഖലയില്‍ അറിയപ്പെടുന്ന ചൈനീസ് ഹാക്കിങ് ടീമാണ് ഉത്തരവാദികളെന്ന് എന്‍ ബി സി ന്യൂസിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.

സര്‍ക്കാര്‍ പിന്തുണയുള്ള സൈബര്‍ നുഴഞ്ഞുകയറ്റങ്ങളുടെയും സാമ്പത്തിക പ്രേരിതമായ ഡേറ്റ ലംഘനങ്ങളുടെയും ഒരു കൂട്ടം തന്നെ നടത്തിയ വിപുലമായ സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പാണു എപിടി41 എന്നാണു വിദഗ്ധര്‍ പറയുന്നത്.

സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് കമ്പനികള്‍, ടെലികമ്യൂണിക്കേഷന്‍ ദാതാക്കള്‍, സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍, വീഡിയോ ഗെയിം ഡെവലപ്പര്‍മാര്‍ എന്നിവരുള്‍പ്പെടെ നൂറിലധികം കമ്പനികളില്‍ ചാരപ്പണി നടത്തിയതിനു ഈ ഹാക്കിങ് ഗ്രൂപ്പിലെ നിരവധി അംഗങ്ങള്‍ക്കെതിരെ 2019-ലും 2020-ലും യു എസ് നീതിന്യാ വകുപ്പ് കുറ്റം ആരോപിച്ചിരുന്നു.

”ഖേദകരമെന്നു പറയട്ടെ, ചൈനയ്ക്കു പുറത്തുള്ള കമ്പ്യൂട്ടറുകള്‍ ആക്രമിക്കുകയും അവര്‍ക്കു സഹായകമായ ബൗദ്ധിക സ്വത്ത് മോഷ്ടിക്കുകയും ചെയ്യുന്നിടത്തോളം ചൈനയെ സൈബര്‍ കുറ്റവാളികള്‍ക്കായി സുരക്ഷിത ഇടമാക്കുന്നതിനുള്ള മറ്റൊരു വഴിയാണു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുത്തത്,” എന്നായിരുന്നു മുന്‍ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ജെഫ്രി റോസന്‍ അന്ന് പറഞ്ഞത്.

എന്നാല്‍, എല്ലാത്തരം സൈബര്‍ മോഷണങ്ങളെയും ഹാക്കിങ്ങിനെയും ചൈന എപ്പോഴും ശക്തമായി എതിര്‍ക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നു വാഷിങ്ടണിലെ ചൈനീസ് എംബസി പ്രസ്താവനയില്‍ പറഞ്ഞു. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളെ എതിര്‍ത്തിട്ടുണ്ടെന്നും എംബസി പറഞ്ഞു.