ജക്കാ‌ർത്ത: വിവാഹപൂർവ ലെെംഗിക ബന്ധവും അവിവാഹിതർ ഒരുമിച്ച് താമസിക്കുന്നതും നിരോധിച്ച് പുതിയ നിയമം പാസാക്കി ഇന്തോനേഷ്യ. ഏറെ വിവാദങ്ങൾക്ക് കാരണമായ പുതിയ ക്രിമിനൽ കോഡ് ഇന്തോനേഷ്യൻ പാർലമെന്റ് ഏകകണ്ഠമായാണ് പാസാക്കിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിയമം ലംഘിക്കുന്നവർക്ക് വ്യഭിചാരക്കുറ്റത്തിന് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കും. വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ മാതാപിതാക്കളിൽ നിന്ന് പരാതിയുണ്ടെങ്കിലാണ് കേസെടുക്കുക. സ്വദേശികൾക്കും രാജ്യത്തെത്തുന്ന വിദേശികൾക്കും ഇത് ബാധകമാണ്. ഇത് കൂടാതെ പ്രസിഡന്റിനെയോ സർക്കാർ സ്ഥാപനങ്ങളെയോ അപമാനിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റിനെ അപമാനിക്കുന്നത് മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നാണ് റിപ്പോർട്ട്.

2019ൽ നടപ്പാക്കാൻ ശ്രമിച്ച് കടുത്ത എതിർപ്പിനെ തുടർന്ന് മാറ്റിവച്ച ബില്ലാണ് വീണ്ടും പാസാക്കിയത്. ബില്ലിൻമേൽ നടന്ന ചർച്ചയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പരാമവധി ഉൾക്കൊള്ളൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ നിയമ ഭേദഗതിയിൽ ചരിത്രപരമായ തീരുമാനമെടുക്കാനും കൊളോണിയൽ ക്രിമിനൽ കോഡ് ഉപേക്ഷിക്കാനും സമയമായെന്ന് നിയമമന്ത്രി യാസോന ലാവോലി പറഞ്ഞു.

എന്നാൽ പുതിയ നിയമഭേദഗതിക്കെതിരെ രാജ്യത്ത് വലിയ രീതിയിൽ പ്രതിഷേധം നടക്കുന്നുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണ് ഭേദഗതിയെന്നാണ് വിമർശകർ പറയുന്നത്.