കൊൽക്കത്തയിൽ ഹുക്ക ബാറുകൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ നടപടി. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ (കെഎംസി) നഗരത്തിൽ ഹുക്ക ബാറുകൾ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം പറഞ്ഞു.

യുവാക്കൾ ഹുക്കയ്ക്ക് അടിമപ്പെടുന്ന തരത്തിൽ ‘ചില ലഹരി വസ്തുക്കൾ’ ഉപയോഗിക്കുന്നതായി ഭരണകൂടത്തിന് പരാതി ലഭിച്ചിട്ടുണ്ട്. ‘ഇത്തരം ഹുക്കകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ആരോഗ്യത്തിന് അങ്ങേയറ്റം ദോഷകരമാണ്. അതിനാൽ അവ അടച്ചുപൂട്ടാൻ ഞങ്ങൾ തീരുമാനിച്ചു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരത്തിൽ ഇത്തരം ഹുക്ക ബാറുകൾ നടത്തുന്ന റസ്റ്റോറന്റുകളുടെ ലൈസൻസ് നിർത്തലാക്കുമെന്ന് കെഎംസി മുന്നറിയിപ്പ് നൽകിയതായി കൊൽക്കത്ത മേയർ പറഞ്ഞു. ”ഞങ്ങൾ പുതിയ ലൈസൻസുകൾ നൽകില്ല, നിലവിലുള്ളവ ഞങ്ങൾ റദ്ദാക്കും,” ഹക്കിം പറഞ്ഞു, നിരോധനം നടപ്പാക്കുന്നതിന് കെഎംസി പോലീസിന്റെ സഹായം തേടുമെന്ന് കൂട്ടിച്ചേർത്തു.