പ്രശസ്ത ഗായകന്‍ എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. കായല്‍ കയ്യേറി വീട് നിര്‍മ്മിച്ചെന്ന ആരോപണത്തിലാണ് കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. അഴിമതി നിരോധന നിയമ പ്രകാരം എംജി ശ്രീകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കേസെടുക്കാനുമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. 

മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോള്‍ഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാര്‍ വീട് വെച്ചത്. ഇത് കായല്‍ കയ്യേറിയാണെന്നാണ് ആരോപണം. തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാര്‍ വീടുവച്ചോയെന്ന് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.

കെട്ടിട നിര്‍മാണ കരാറുകാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. കേസില്‍ എം.ജി ശ്രീകുമാറിന് ഇളവ് നല്‍കിയതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. അത് മരട് കേസിലുള്‍പ്പെടെ നിയമപ്രശ്നമായി പലരും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.