മംഗളൂരു: മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനക്കേസില്‍ പ്രതികളുടെ ഗൂഢാലോചന വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌ഫോടനത്തിന് മുമ്പ് പ്രതികളായ സയ്യിദ് യാസിന്‍, മാസ മുനീര്‍ അഗ്മദ്, ഷാരിഖ് എന്നിവര്‍ പരിശീലനം നടത്തി. ശിവമോഗ ജില്ലയിലെ തുംഗ നദിയുടെ തീരത്തുള്ള കെമ്മന്‍ഗുണ്ടി എന്ന സ്ഥലത്താണ് പ്രതികള്‍ ബോംബ് സ്ഫോടനത്തിന്റെ പരിശീലനം നടത്തിയത്. പരീക്ഷണ സ്‌ഫോടനം വിജയകരമായിരുന്നു.

മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) നിന്ന് പ്രചോദനം നേടിയയാളാണ്. ഇയാള്‍ തീവ്രവാദ സംഘങ്ങളുമായി ദീര്‍ഘകാലമായി ബന്ധപ്പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സയ്യിദ് യാസീനെയും മുനീര്‍ അഹമ്മദിനെയും  ഐഎസിലേക്ക് പരിചയപ്പെടുത്തിയത് ഷാരിഖ് ആയിരുന്നു. ഷരീഖും മാസയും യാസിനും ഹൈസ്‌കൂളില്‍ ഒരുമിച്ചാണ് പഠിച്ചത്.  ഷാരിഖിന് ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആസൂത്രണം ചെയ്യാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ചെയ്യുന്ന ഒരാളുടെ സഹായം ലഭിച്ചിരുന്നു

ഷാരിഖ് ഷെയര്‍ ചെയ്ത പിഡിഎഫ് ഫയലുകളില്‍ നിന്നും വീഡിയോകളില്‍ നിന്നുമാണ് മറ്റ് രണ്ട് പ്രതികള്‍ ബോംബ് ഉണ്ടാക്കുന്ന രീതി പഠിച്ചത്. ബോംബിന് ആവശ്യമായ ടൈമര്‍ റിലേ സര്‍ക്യൂട്ടുകള്‍ ആമസോണ്‍ വഴി അവര്‍ വാങ്ങുകയും 9 വോള്‍ട്ട് വീതമുള്ള രണ്ട് ബാറ്ററികള്‍, സ്വിച്ചുകള്‍, വയറുകള്‍, തീപ്പെട്ടികള്‍, മറ്റ് സ്ഫോടക വസ്തുക്കള്‍ എന്നിവ കര്‍ണാടകയിലെ ശിവമോഗയില്‍ നിന്ന് വാങ്ങുകയും ചെയ്തു.

ശനിയാഴ്ചയാണ് മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ ഡ്രൈവര്‍ക്കും ഒരു യാത്രക്കാരനും ഉള്‍പ്പെടെ പൊള്ളലേറ്റിരുന്നു. ഓട്ടോയില്‍ കയറിയ ശേഷം, പമ്പ്വെല്‍ ഭാഗത്തേക്ക് പോകണമെന്നാണ് പ്രതി ഡ്രൈവറെ അറിയിച്ചത്. അല്ലാതെ ഓട്ടോ ഡ്രൈവറോട് ഒന്നും സംസാരിച്ചിട്ടില്ലെന്ന് കര്‍ണാടക എഡിജിപി അലോക് കുമാര്‍ പറഞ്ഞു. ഏതെങ്കിലും സ്ഥലത്ത് സ്‌ഫോടനം നടത്താന്‍ പ്രതിക്ക് പദ്ധതിയുണ്ടായിരുന്നു. പക്ഷേ അബദ്ധത്തില്‍ അത് നാഗൂരിയില്‍ വെച്ച് പൊട്ടിത്തെറിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മംഗളൂരു റെയില്‍വേ ജങ്ഷന്‍ ഭാഗത്തുനിന്നു വരികയായിരുന്ന ഓട്ടോറിക്ഷയില്‍ നാഗൂരിയില്‍ വച്ചാണ് വ്യാജ ഐഡി കൈവശം വച്ചതെന്ന് സംശയിക്കുന്ന യാത്രക്കാരന്‍ കയറിയത്. വൈകിട്ട് 5.10ന് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ തീപിടിച്ച് സ്ഫോടനം ഉണ്ടായി. സ്ഫോടനത്തിന് ശേഷം ഓട്ടോറിക്ഷയില്‍ നിന്ന് ഒരു കുക്കര്‍ കണ്ടെടുത്തു.

ഇതിന് പിന്നാലെ ഷാരിഖ് മൈസൂരുവില്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വിഭാഗം (എഫ്എസ്എല്‍) സംഘം പരിശോധന നടത്തി. സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച സാമഗ്രികള്‍ ഇയാളുടെ വീട്ടില്‍ നിന്ന് സംഘം കണ്ടെടുത്തു. ജലാറ്റിന്‍ പൗഡര്‍, സര്‍ക്യൂട്ട് ബോര്‍ഡ്, ചെറിയ ബോള്‍ട്ടുകള്‍, ബാറ്ററികള്‍, മൊബൈല്‍, വുഡ് പവര്‍, അലൂമിനിയം മള്‍ട്ടിമീറ്റര്‍, വയറുകള്‍, മിശ്രിതം ജാറുകള്‍, പ്രഷര്‍ കുക്കര്‍ തുടങ്ങിയ വസ്തുക്കളാണ് എഫ്എസ്എല്‍ സംഘം കണ്ടെടുത്തത്.

ഒരു മൊബൈല്‍ ഫോണ്‍, രണ്ട് വ്യാജ ആധാര്‍ കാര്‍ഡുകള്‍, ഒരു വ്യാജ പാന്‍ കാര്‍ഡ്, ഒരു ഫിനോ ഡെബിറ്റ് കാര്‍ഡ് എന്നിവയും അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതി വീട്ടില്‍ സ്ഫോടകവസ്തുക്കള്‍ തയാറാക്കിയിരുന്നതായാണ് സംശയം. സ്ഫോടനത്തെ തുടര്‍ന്ന് സംസ്ഥാന പോലീസ് അതീവ ജാഗ്രതയിലാണ്. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.