ഡല്‍ഹി: ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിയുടെ ലോഗോയില്‍ താമര ഉള്‍പ്പെടുത്തിയതിന് പിന്നാലെ വാക്‌പോരുമായി ബിജെപിയും കോണ്‍ഗ്രസും . ‘കോണ്‍ഗ്രസിന്റെ പതാക ഇന്ത്യയുടെ പതാകയാക്കാനുള്ള നിര്‍ദ്ദേശം 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് നെഹ്റു നിരസിച്ചിരുന്നു. ഇപ്പോള്‍, ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ഇന്ത്യയുടെ ജി 20 ലോഗോ ആയി മാറിയിരിക്കുന്നു! ഞെട്ടിപ്പിക്കുന്നതാണെങ്കിലും, മിസ്റ്റര്‍ മോദിയും ബിജെപിയും ലജ്ജയില്ലാതെ സ്വയം പ്രമോട്ട് ചെയ്യാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തില്ലെന്ന് ഞങ്ങള്‍ക്കറിയാം!’ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു. 

ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉപദേഷ്ടാവ് കാഞ്ചന്‍ ഗുപ്ത ഈ  ആരോപണത്തോട് തിരിച്ചടിച്ചു.’70 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോളാണ് താമരയെ ഇന്ത്യയുടെ ദേശീയ പുഷ്പമായി പ്രഖ്യാപിച്ചത്.നിങ്ങള്‍ക്ക് അതും ഞെട്ടിക്കുന്നതായി തോന്നുന്നുണ്ടോ? തുടര്‍ച്ചയായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ താമര ചിഹ്നമുള്ള കറന്‍സി നാണയങ്ങള്‍ പുറത്തിറക്കി. ദേശീയ ചിഹ്നം ഒരു താമരയുടെ മുകളില്‍ നില്‍ക്കുന്നു ‘ അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിയുടെ ലോഗോ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. താമരയുടെ ഏഴ് ഇതളുകള്‍ ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളെയും ഏഴ് സംഗീത സ്വരങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും ജി20 ലോകത്തെ യോജിപ്പിക്കുമെന്നും മോദി പറഞ്ഞിരുന്നു. ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിയുടെ ചരിത്രപരമായ അവസരത്തില്‍ ഞാന്‍ രാജ്യക്കാരെ അഭിനന്ദിക്കുന്നു. ലോകത്തോടുള്ള ഇന്ത്യയുടെ കാരുണ്യത്തിന്റെ അടയാളമാണ് ‘വസുധൈവ കുടുംബകം’.പ്രതിസന്ധിയുടെയും അരാജകത്വത്തിന്റെയും സമയത്താണ് ഇന്ത്യയുടെ പ്രസിഡന്‍സി വരുന്നത്.സാഹചര്യങ്ങള്‍ എന്തായാലും താമര ഇപ്പോഴും വിരിയുന്നു,’ പ്രധാനമന്ത്രി മോദി പറഞ്ഞു.