ചെന്നൈ: പനിക്കുള്ള കുത്തിവെപ്പെടുത്ത ആറ് വയസ്സുകാരൻ മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ വിരുദ നഗർ ജില്ലയിലാണ് സംഭവം. കാതറിൻ എന്ന സ്ത്രീയാണ് അറസ്റ്റിലായിരിക്കുന്നത്. ആറ് വയസ്സുകാരനായ കവി ദേവനാഥന് പനി ബാധിച്ചതിനെ തുടർന്ന് പിതാവ് മഹേശ്വരൻ അടുത്തുള്ള ക്ലിനിക്കിൽ കൊണ്ടുപോവുകയായിരുന്നു. 

കാതറിൻ നടത്തുന്ന ക്ലിനിക്കിലേക്കാണ് കൊണ്ടുപോയത്. ഇവിടെ വെച്ച് കുട്ടിയ്ക്ക് കാതറിൻ കുത്തിവെപ്പ് നൽകിയതായി പിതാവ് പറഞ്ഞു. വീട്ടിലെത്തിയപ്പോൾ കുത്തിവെപ്പ് എടുത്ത ഭാഗത്ത് നീര് വരാൻ തുടങ്ങി. അസഹ്യമായ വേദയിൽ കുട്ടി കരയുന്നുണ്ടായിരുന്നുവെന്നും പിതാവ് നൽകി. പിന്നാലെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

മഹേശ്വരന്റെ ആവശ്യപ്രകാരം ആശുപത്രിയിലെ ഡോക്ടർ പാരസെറ്റമോൾ കുത്തിവെച്ചു. എന്നാൽ വീട്ടിലേക്ക് മടങ്ങവെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ രാജപാളയം സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മഹേശ്വരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും അന്വേഷണം ആരംഭിച്ചു.

കേസ് അന്വേഷിക്കുന്ന സംഘം കാതറിൻ ക്ലിനിക്കിലെത്തി പരിശോധന നടത്തിയിരുന്നു. അവർ ഒരു യോഗ്യതയുള്ള മെഡിസിനൽ പ്രാക്ടീഷണറല്ലെന്ന് കണ്ടെത്തുകയും ചെയ്തു. കാതറിന്റെ ക്ലിനിക്കിൽ നിന്ന് നിരവധി മരുന്നുകളും കുത്തിവയ്പ്പുകളും സംഘം കണ്ടെടുത്തു. കാതറിൻ കുത്തിവയ്പ്പ് നടത്തിയ ഭാഗം സെപ്റ്റിക് ആയി മാറിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാതറിനെ അറസ്റ്റ് ചെയ്യുന്നത്.