‘അബദ്ധവശാൽ’ പിരിച്ചുവിട്ടതിനാൽ ചില ജീവനക്കാരോട് തിരികെ വരാൻ ട്വിറ്റർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. തങ്ങളുടെ 50 ശതമാനത്തോളം തൊഴിലാളികളെ പുറത്താക്കിയതിന് പിന്നാലെയാണ് പുതിയ നീക്കവുമായി ട്വിറ്റർ രംഗത്തെത്തിയത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയ ഭീമൻ ജോലി നഷ്‌ടപ്പെട്ട ഡസൻ കണക്കിന് ജീവനക്കാരോട് മടങ്ങിവരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മടങ്ങി വരാൻ ആവശ്യപ്പെട്ട ജീവനക്കാരെ പിരിച്ചുവിട്ടത് അബദ്ധത്തിലാണ്. ഈ വിഷയവുമായി നേരിട്ട് ബന്ധപ്പെട്ട രണ്ട് പേരെ ഉദ്ധരിച്ചുകൊണ്ട് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ട്വിറ്ററിന്റെ ഭാവിയിലെ പ്രവർത്തനങ്ങൾക്ക് ഇവരുടെ കഴിവും, പരിചയ സമ്പത്തും ഉപയോഗിക്കാൻ കഴിയുമെന്ന് മനസിലാക്കുന്നതിന് മുൻപേ തന്നെ മസ്‌കിന്റെ പരിഷ്‌ക്കാരങ്ങൾക്ക് വേണ്ടി ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. 

കഴിഞ്ഞയാഴ്‌ച ട്വിറ്റർ ആഗോളതലത്തിൽ ഒരു വലിയ പിരിച്ചുവിടലിന് സാക്ഷ്യം വഹിച്ചിരുന്നു. ഇന്ത്യയിൽ ഏകദേശം 50 ശതമാനത്തിലധികം ജീവനക്കാരെ മുൻകൂർ അറിയിപ്പ് കൂടാതെയാണ് പിരിച്ചുവിട്ടത്. ഏകദേശം 3,200 ജീവനക്കാർ തങ്ങളുടെ തെറ്റായ പിരിച്ചുവിടലിനെതിരെ കോടതിയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ.

ഒക്‌ടോബർ 25ന് 44 ബില്യൺ ഡോളറിന്റെ ഇടപാടിലാണ് മസ്‌ക് ട്വിറ്റർ വാങ്ങിയത്. തന്റെ ആദ്യ തീരുമാനമെന്ന നിലയിൽ, ഇന്ത്യൻ വംശജനായ സിഇഒ പരാഗ് അഗർവാൾ, നിയമ മേധാവി വിജയ് ഗദ്ദെ എന്നിവരുൾപ്പെടെ കമ്പനിയുടെ ഉയർന്ന എക്‌സിക്യൂട്ടീവുകളെ അദ്ദേഹം പുറത്താക്കിയിരുന്നു. SEC ഫയലിംഗ് പ്രകാരം മസ്‌ക് ഡയറക്‌ടർ ബോർഡിനെ പുറത്താക്കുകയും കമ്പനിയുടെ ഏക ഡയറക്‌ടറായി മാറുകയും ചെയ്‌തിരുന്നു. 

ഇതിന് പിന്നാലെ മസ്‌ക് പിരിച്ചുവിടൽ നടപടികളെ ന്യായീകരിച്ച് രംഗത്ത് വരികയും ചെയ്‌തിരുന്നു. “നിർഭാഗ്യവശാൽ കമ്പനിക്ക് പ്രതിദിനം നാല് മില്യൺ ഡോളറിൽ കൂടുതൽ നഷ്‌ടമാകുമ്പോൾ മറ്റൊരു മാർഗവുമില്ല” എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റിൽ പറഞ്ഞിരുന്നത്. അതേസമയം, ജീവനക്കാരെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെ, ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി ഉത്തരവാദിത്തം ഏറ്റെടുക്കുകയും മസ്‌കിന്റെ നടപടിയിൽ ക്ഷമ ചോദിക്കുകയും ചെയ്‌തിരുന്നു.