ബെംഗളൂരു: മൂർഖനെ പിടികൂടിയ ശേഷം ചുംബിച്ച യുവാവിന് പാമ്പിന്റെ കടിയേറ്റു. ബംഗളൂരു ശിവമോഗയിലെ ഭദ്രാവതി ബൊമ്മനകട്ടിയിലാണ് സംഭവം. ഭദ്രാവതി സ്വദേശി അലക്‌സിനാണ് കടിയേറ്റത്. 

പാമ്പിനെ പിടികൂടി ആൾക്കൂട്ടത്തിന് മുന്നിൽവെച്ച് ചുംബിക്കാൻ ശ്രമിച്ചപ്പോൾ ചുണ്ടിൽ കൊത്തുകയായിരുന്നു. പിന്നാലെ അലക്‌സിന്റെ കൈയ്യിൽ നിന്നും പാമ്പ് നിലത്ത് വീഴുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിച്ച അലക്‌സിന്റെ നില ഗുരുതരമല്ല. ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു.

അലക്‌സിനൊപ്പം സുഹൃത്ത് റോണിയുമുണ്ടായിരുന്നു. ഇരുവരും പാമ്പുകളെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാറാണ് പതിവ്. ബുധനാഴ്ച ഒരു കല്യാണ വീട്ടിൽ രണ്ട് മൂർഖൻ പാമ്പുകളെ കണ്ടതായി ഇവർക്ക് വിവരം ലഭിച്ചിരുന്നു. ഇരുവരും സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

ഇതിനിടെയാണ് അലക്‌സ് പാമ്പിനെ ചുംബിക്കാൻ ശ്രമിച്ചത്. പരിക്കേറ്റ അലക്‌സിനെ ഉടൻ തന്നെ മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ അലക്‌സിനെ വിമർശിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.