ബെയ്ജിങ്: ചൈനയിൽ വ്യാപകമായി വിമാന സർവീസുകൾ റദ്ദാക്കിയെന്ന് അഭ്യൂഹം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിലാണെന്നും ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തുമെന്ന പ്രചാരണങ്ങൾക്കിടെയാണ് വിമാനങ്ങൾ റദ്ദാക്കിയെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നത്.

സെപ്റ്റംബർ 21-ാം തീയതി മാത്രം ചൈനയിൽ 9583 വിമാനങ്ങൾ റദ്ദാക്കിയെന്നാണ് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി എപക് ടൈംസ്’ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ കാരണം വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ വിമാനസർവീസിന്റെ 60 ശതമാനത്തോളം റദ്ദാക്കിയെന്നും ഹൈസ്പീഡ് റെയിൽ സർവീസ് നിർത്തിവെച്ചെന്നും ട്വിറ്ററിലടക്കം അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളോ വാർത്താ ഏജൻസികളോ ചൈനീസ് മാധ്യമങ്ങളോ ഇക്കാര്യങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൈനയിലെ ഫ്ളൈറ്റ് മാസ്റ്റർ എന്ന വെബ്സൈറ്റിനെ ഉദ്ധരിച്ചാണ് വിമാനസർവീസുകൾ റദ്ദാക്കിയെന്ന റിപ്പോർട്ട് എപക് ടൈംസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെയ്ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മാത്രം 622 വിമാനങ്ങൾ റദ്ദാക്കിയെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഷാങ്ഹായി വിമാനത്താവളത്തിൽനിന്ന് 652 വിമാനങ്ങളും ഷെൻസൻ ബാഹോ വിമാനത്താവളത്തിൽനിന്ന് 542 വിമാനങ്ങളും റദ്ദാക്കിയതായി റിപ്പോർട്ടിലുണ്ട്.

അതേസമയം, ചൈനയിലെ വ്യോമയാന വിഭാഗമോ മറ്റുമാധ്യമങ്ങളോ വിമാനസർവീസുകൾ റദ്ദാക്കിയതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല. എന്നാൽ ചൈനയിലെ വിവിധ പ്രവിശ്യകളിൽ അടുത്തിടെയുണ്ടായ കോവിഡ് കേസുകളിലെ വർധനവാണ് വിമാനസർവീസുകൾ റദ്ദാക്കാൻ കാരണമെന്ന് ഒരു ചൈനീസ് പോർട്ടലിനെ ഉദ്ധരിച്ച് എപക് ടൈംസ് റിപ്പോർട്ട് ചെയ്തു.

അതിനിടെ, ചൈനീസ് മാധ്യമപ്രവർത്തകനായ ഷാവോ ലഞ്ചിയാൻ വിമാനസർവീസുകൾ റദ്ദാക്കിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിന്റെ കാരണം വ്യക്തമല്ലെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സൈന്യത്തിന്റെ നിർദേശപ്രകാരമാകും വ്യാപകമായി വിമാനസർവീസുകൾ റദ്ദാക്കിയതെന്നാണ് മാധ്യമപ്രവർത്തകന്റെ ട്വീറ്റ്. സൈനിക വിമാനങ്ങൾക്ക് പറക്കാൻ വേണ്ടിയാണ് ഇത്തരം നീക്കം നടത്തിയതെന്നും ട്വീറ്റിൽ പറയുന്നു.