കേരളത്തിൽ മതഭീകരവാദ ശക്തികളുടെ പ്രവർത്തനം വർദ്ധിക്കാൻ കാരണം ഇടത്-വലത് ശക്തികളുടെ സമീപനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പോപുലർ ഫ്രണ്ട് ഹർത്താൽ. വിധ്വംസക ശക്തികളുടെ വേരറുക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നതിന്റെ ഉദാഹരണമാണ് പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡ്.

പാകിസ്താന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ ഹർത്താൽ സംസ്ഥാനത്ത് മാത്രമാണ് നടന്നത്. ആംബുലൻസുകൾ വരെ ആക്രമിക്കപ്പെട്ടു. സർക്കാർ നോക്കുകുത്തിയായി. പൊലീസ് നിഷ്ക്രിയമായി. തണുപ്പൻ സമീപനമാണ് പോപുലർ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടത്തിനോട് സർക്കാർ പുലർത്തിയത്. രാഹുൽ ഗാന്ധി ജോഡോ യാത്രയിൽ ഒരിക്കൽ പോലും പോപുലർ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞില്ല. 

ഭീകരവാദികൾക്ക് മുമ്പിൽ മുട്ടുമടക്കാൻ ബി.ജെ.പി തയ്യാറല്ല. പാലാ ബിഷപ്പ് പറഞ്ഞതും തലശ്ശേരി ബിഷപ്പ് പറഞ്ഞതും ബി.ജെ.പി എത്രയോ കാലമായി പറയുന്നതാണ്. ക്രൈസ്തവ സമൂഹത്തിനൊപ്പം ബി.ജെ.പിയുണ്ടാകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.