ലഖ്നൗ: യുപിയിലെ പിലിഭിത്തില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം തീകൊളുത്തിക്കൊന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഡീസല്‍ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കുട്ടി 12 ദിവസം ജീവനുവേണ്ടി മല്ലിട്ടശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ മാസം ആദ്യം കുന്‍വാര്‍പൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. 

കേസിലെ രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊള്ളലേറ്റ കുട്ടി ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യനില വഷളായി. ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ലഖ്നൗവില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കുടുംബത്തിന് വിട്ടുനല്‍കും.