പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ രൂക്ഷമായ പ്രളയം ജനജീവിതം താറുമാറാക്കുന്നു. ‘വിപത്തിന്റെ വ്യാപ്തി’ പ്രതീക്ഷിച്ചതിലും വലുതാണെന്ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഓഗസ്റ്റിലെ ശരാശരി മഴയുടെ എട്ടിരട്ടിയോളം പെയ്ത സിന്ധ് പ്രവിശ്യയില്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

ജൂണ്‍ മുതലുണ്ടായ വെള്ളപ്പൊക്കത്തില്‍ പാക്കിസ്ഥാനില്‍ ഏകദേശം 1,000 പേര്‍ കൊല്ലപ്പെട്ടു. പതിനായിരങ്ങള്‍ പലായനം ചെയ്തു. ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രളയം ബാധിച്ചത്. സിന്ധ് പ്രവിശ്യയില്‍ നാശത്തിന്റെ തോത് ഇതുവരെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ തങ്ങള്‍ അതിജീവിച്ച ഏറ്റവും മോശപ്പെട്ട ദുരന്തമായാണ് ആളുകള്‍ ഇതിനെ വിശേഷിപ്പിച്ചത്.

പാക്കിസ്ഥാനില്‍ വെള്ളപ്പൊക്കം അസാധാരണമല്ല, എന്നാല്‍ ഈ മഴ വ്യത്യസ്തമാണെന്ന് ഇവിടുത്തെ ആളുകള്‍ പറഞ്ഞു. ഇതുവരെ കണ്ടിട്ടുള്ളതിനേക്കാള്‍ കൂടുതല്‍. ഒരു പ്രാദേശിക ഉദ്യോഗസ്ഥന്‍ ഇതിനെ ‘ബൈബിള്‍ അനുപാതങ്ങളുടെ വെള്ളപ്പൊക്കം’ എന്ന് വിളിച്ചു. നോഹയുടെ കാലത്ത് പ്രളയംമൂലം ഭൂമിമുഴുവന്‍ വെള്ളത്തിനടിയിലായി എന്ന് ബൈബിളില്‍ വിവരിക്കുന്നു. ഇതിനു സമാനമാണ് പാകിസ്ഥാനിലെ ഇപ്പോഴത്തെ വെള്ളപ്പൊക്കമെന്നാണ് ആളുകള്‍ പറയുന്നത്. ലാര്‍കാന നഗരത്തിന് സമീപം ആയിരക്കണക്കിന് മണ്‍വീടുകള്‍ വെള്ളത്തിനടിയിലായി. കിലോമീറ്ററുകളോളം കാണാവുന്നത് മരച്ചില്ലകള്‍ മാത്രം. ജലനിരപ്പ് അല്‍പ്പം താഴുന്നിടത്ത്, വെള്ളത്തിനടിയില്‍ നിന്ന് ഓലമേഞ്ഞ മേല്‍ക്കൂരകള്‍ ഇഴഞ്ഞുനീങ്ങുന്നു. ഗ്രാമങ്ങളില്‍ ആളുകള്‍ ഭക്ഷണത്തിനായി നെട്ടോട്ടമോടുകയാണ്. അതോടൊപ്പം പകര്‍ച്ചവ്യാധികളും പടരുകയാണ്.