കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്ബരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി.

നാലു റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ മൂന്നുമല്‍സരങ്ങളുടെ ഏകദിന പരമ്ബര ദക്ഷിണാഫ്രിക്ക തൂത്തുവാരി.

ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 288 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.2 ഓവറില്‍ 283 റണ്‍സിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തില്‍ ഏഴിന് 223 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അവസാന ഓവറുകളിലെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ദീപക് ചാഹറാണ് വിജയത്തിന് അടുത്തെത്തിച്ചത്.

എന്നാല്‍ 48-ാം ഓവറിലെ ആദ്യ പന്തില്‍ ചാഹര്‍ പുറത്തായതോടെ ഇന്ത്യ മത്സരം കൈവിട്ടു. 34 പന്തുകള്‍ നേരിട്ട ചാഹര്‍ രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവരുടെ അര്‍ധ സെഞ്ചുറികളും പാഴായി. ധവാന്‍ 61 റണ്‍സെടുത്തപ്പോള്‍ കോലി 84 പന്തില്‍ നിന്നും 65 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ സെഞ്ചുറിയുടെ മികവില്‍ 49.5 ഓവറില്‍ 287 റണ്‍സിന് ഓള്‍ഔട്ടായി. റാസ്സി വാന്‍ഡെര്‍ ദസ്സന്റെ അര്‍ധ സെഞ്ചുറിയും ദക്ഷിണാഫ്രിക്കയെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചു.

17-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ ഡിക്കോക്ക് 130 പന്തില്‍ നിന്ന് രണ്ട് സിക്സും 12 ഫോറുമടക്കം 124 റണ്‍സെടുത്തു. ദസ്സന്‍ 59 പന്തുകള്‍ നേരിട്ട് ഒരു സിക്സും നാല് ഫോറുമടക്കം 52 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും ദീപക് ചാഹര്‍, ബുംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.