നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സര്‍ക്കാരി​െന്‍റ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ തുടരന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ വാദം.

ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി. രവി കുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അടുത്ത മാസം അവസാനത്തോടെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്​മൂലം നല്‍കിയിട്ടുണ്ട്. സാക്ഷികളില്‍ ഇനി ഒരാളെ മാത്രമാണ് വിസ്തരിക്കാനുള്ളതെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നുമാണ്​ ദിലീപിന്റെ ആവശ്യം. ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും ദിലീപ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതില്‍ നെയ്യാറ്റിന്‍കര ബിഷപ്പിന് ബന്ധമില്ലെന്ന് രൂപത അറിയിച്ചു. ദിലീപുമായോ ആരോപണമുന്നയിച്ച വ്യക്തിയുമായോ നെയ്യാറ്റിന്‍കര ബിഷപ്പിന് യാതൊരു ബന്ധവുമില്ല. ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നതെന്നും നെയ്യാറ്റിന്‍കര രൂപത പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിച്ചെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചത്.