ലണ്ടന്‍ : ഒമിക്രോണ്‍ മൂലം ലോകരാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച്‌ ഒമിക്രോണിന്റെ ഉപവകഭേദവും കണ്ടെത്തിയെന്ന് ബ്രിട്ടന്‍.

ബിഎ.2 എന്ന ഒമിക്രോണിന്റെ ഈ ഉപവകഭേദം സ്റ്റെല്‍ത്ത് ഒമിക്രോണെന്നാണ് നിലവില്‍ അറിയപ്പെടുന്നത്. കൊവി‌ഡ് സ്ഥിരീകരിക്കാനായി ലോകവ്യാപകമായി ഉപയോഗിച്ചു വരുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ പോലും ഈ ഉപവകഭേദം കണ്ടെത്താന്‍ പ്രയാസകരമാണെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ഇതിനോടകം ഏകദേശം നാല്‍പതോളം രാജ്യങ്ങളില്‍ സ്റ്റെല്‍ത്ത് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തെന്നാണ് വിവരം. ഒമിക്രോണിന് പ്രധാനമായും ബിഎ.1, ബിഎ.2, ബിഎ.3 എന്നീ മൂന്ന് ഉപവകഭേദങ്ങളാണുള്ളത്. ഇതില്‍ ബിഎ.1 ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെങ്കിലും ഏറ്റവും വേഗത്തില്‍ പടരുന്ന ഉപവകഭേദം ബിഎ.2 ആണ്. പുതിയ കണക്കുകള്‍ പ്രകാരം ഡെന്‍മാര്‍ക്കില്‍ നിലവിലുള്ള സജീവ രോഗികളില്‍ പകുതിയിലേറെയും സ്റ്റെല്‍ത്ത് ഒമിക്രോണ്‍ കേസുകളാണ്. സ്വീഡന്‍, നോര്‍വേ,​ ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ ഈ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബൂസ്റ്റര്‍ ഡോസുകള്‍ ഫലപ്രദമെന്ന് യു.എസ്,​ ആശുപത്രി കേസുകളില്‍ വന്‍ കുറവ്

ഫൈസര്‍, മൊഡേണ ബൂസ്റ്റര്‍ ഡോസുകള്‍ ഒമിക്രോണ്‍ വകഭേദത്തിനെതിരെ വളരെ ഫലപ്രദമാണെന്ന് പഠന റിപ്പോര്‍ട്ട്. ഈ ബൂസ്റ്റര്‍ ഡോസുകള്‍ രോഗതീവ്രത കുറയ്ക്കുകയും യു.എസിലെ ആശുപത്രി കേസുകളില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്തുവെന്ന് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. ബൂസ്റ്റര്‍ ഡോസുകളിലൂടെ ഒമിക്രോണ്‍ ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിക്കുന്നത് തടയുന്നതിന് 90 ശതമാനം ഫലപ്രദമാണ്. 50 വയസിന് മുകളിലുള്ള അമേരിക്കക്കാര്‍ക്കിടയില്‍ ഗുരുതരമായ അണുബാധയുണ്ടാകുന്നതും മരണങ്ങളും കുറയ്ക്കുന്നതിന് ബൂസ്റ്റര്‍ ഡോസുകള്‍ ഫലപ്രദമാണ്. ഒമിക്രോണിനേക്കാള്‍ കൂടുതല്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ ബൂസ്റ്റര്‍ ഡോസുകള്‍ കൂടുതല്‍ പ്രതിരോധം നല്കുന്നുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു