ഡിട്രോയിറ്റ്: ഓക്സ്ഫോർഡ് ഹൈസ്കൂളിൽ നടന്ന വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. പതിനഞ്ചുകാരനായ വിദ്യാർത്ഥി സഹപാഠികൾക്കു നേരെ ഇരുപതു തവണയാണ് ഓട്ടോമാറ്റിക് കൈത്തോക്ക് ഉപയോഗിച്ച് നിറയൊഴിച്ചത്. പതിനാലും പതിനേഴും വയസ്സുള്ള രണ്ടു വിദ്യാർത്ഥിനികളും പതിനാറുകാരനായ ഒരു വിദ്യാർത്ഥിയും ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ഒരു അദ്ധ്യാപകൻ ഉൾപ്പെടെ എട്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടികളെ നഷ്ടപ്പെട്ട മതാപിതാക്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മിഷിഗൺ ഗവർണ്ണർ വിറ്റ്മെർ പറഞ്ഞു. അതോടൊപ്പം പരുക്കേറ്റവർക്ക് അടിയന്തിര സഹായം വേഗത്തിൽ എത്തിക്കുകയും സംഭവസ്ഥലത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുകയും ചെയ്ത അധികൃതരേയും ഗവർണ്ണർ വിറ്റ്മെർ അഭിനന്ദിച്ചു. അമേരിക്കയിൽ വിദ്യാർത്ഥികൾക്കിടയിൽ വെടിവെപ്പും അക്രമങ്ങളും കൂടിവരുന്നതിനു കാരണം തോക്കുകളുടെ ലഭ്യതയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. സ്കൂളുകളിലേക്ക് വിദ്യാർത്ഥികൾ മടങ്ങിപ്പോകാൻ പേടിക്കേണ്ടതില്ലെന്നും ഇപ്രകാരമുള്ള അക്രമങ്ങൾ ഇല്ലാതാക്കാൻ മിഷിഗൺ നിവാസികൾ ഒന്നിച്ചു നിന്ന് സംരക്ഷണം നൽകണമെന്നും ഗവർണ്ണർ വിറ്റ്മെർ ഓർമ്മിപ്പിച്ചു. ആത്മീയ നേതാക്കളുടെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥനകൾ സംഘടിപ്പിച്ചു.

അലൻ ചെന്നിത്തല