തിരുവനന്തപുരം : സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ 98-ാം പിറന്നാള്‍ ദിനമായിരുന്ന ബുധനാഴ്ച ആഘോഷങ്ങളില്ലായിരുന്നെങ്കിലും ആശംസകള്‍ പ്രവഹിച്ചു. തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്റെ വസതിയില്‍ കഴിയുന്ന വി എസിന്റെ ജന്മദിനാഘോഷം ഭാര്യ കെ വസുമതിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പായസത്തിലും കേക്കിലും ഒതുങ്ങി. ഭാര്യ വസുമതി കേക്ക് മുറിച്ച്‌ വിഎസിന് മധുരം നല്‍കി.
അനാരോഗ്യവും കോവിഡിന്റെ സാഹചര്യവും കണക്കിലെടുത്ത് സന്ദര്‍ശകരെ പൂര്‍ണമായി ഒഴിവാക്കിയിരുന്നു. എന്നാല്‍, മകന്‍ വി എ അരുണ്‍കുമാറിന്റെ ഫോണിലും സാമൂഹ്യമാധ്യമങ്ങളിലുമായി ആശംസകള്‍ പ്രവഹിച്ചു. നേതാക്കളും നാട്ടുകാരും സഖാക്കളും ഫോണില്‍ വിളിച്ച്‌ ആശംസ അറിയിച്ചു.

‘നിസ്വവര്‍ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകള്‍’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മുന്‍ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്ന് ട്വിറ്റില്‍ കുറിച്ച ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍, ആരോഗ്യവും സന്തോഷവും എന്നും ഉണ്ടാകട്ടെ എന്നും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം താനും ആശംസിക്കുന്നതായും അറിയിച്ചു.

കേരളത്തിലെ സിപിഐ എമ്മിന്റെ ഇതിഹാസ നേതാവ് എന്ന് വിശേഷിപ്പിച്ചാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ആശംസിച്ചത്. ലാളിത്യവും സത്യസന്ധതയുമുള്ള മനുഷ്യന്‍ എന്നും ജയറാം രമേഷ് ട്വിറ്ററില്‍ കുറിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി തുടങ്ങി പ്രമുഖ നേതാക്കളും ഫോണില്‍ ആശംസ അറിയിച്ചു.