ചെറുകിട , സമാന്തര സിനിമകള്‍ക്കായി സര്‍ക്കാര്‍ ഒ.ടി.ടി. പ്ളാറ്റ്ഫോം ഒരുക്കുമെന്ന് സാംസ്ക്കാരിക – സിനിമ വകുപ്പു മന്ത്രി സജി ചെറിയാന്‍. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഫിലിം സിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. രാജ്യത്താദ്യമായി ഇടത്തരം ചെറുകിട സിനിമകള്‍ക്കായി സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഒ.ടി.ടി
പ്ലാറ്റ്ഫോം ഒരുക്കുന്നത്. സര്‍ക്കാര്‍ പണം നല്‍കി നിര്‍മിച്ചതും വനിതാ, പട്ടികവര്‍ഗ, പട്ടികജാതി വിഭാഗത്തില്‍പെട്ട സംവിധായകര്‍ ഒരുക്കിയതുമായ സനിമകള്‍പോലും തീയറ്ററുകളിലെത്താത്ത സാഹചര്യമുണ്ട്.

കൊവിഡ് സാഹചര്യത്തില്‍ ഇടത്തരം, സമാന്തര സിനിമകളാണ് വലിയ പ്രതിസന്ധി നേരിടുന്നത്. ഇത്തരം സിനിമകള്‍ക്ക് മുന്‍ഗണന നല്‍കുന്നതാവും ഒ.ടി.ടി പ്ളാറ്റ്ഫോമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കെ.എസ്.എഫ്,ഡി.സിയുടെ കീഴിലുള്ള ചിത്രാജ്ഞലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കും. 150 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യനടപടികള്‍ക്ക് തുടക്കമായി. സ്ത്രീധനത്തിനെതിരെ വിവിധ സാംസ്ക്കാരിക, യുവജന സംഘടനകളെഒരുമിപ്പിച്ചുകൊണ്ട് ക്യാംപെയ്ന്‍ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.