കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ ദുരൂഹമരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. രതീഷിന്റെ ശരീരത്തില്‍ പരിക്കുകളും മുറിവുകളുമാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന സംശയത്തിന് കാരണമായത്. എന്നാല്‍ അത് മന്‍സൂറിന്റെ കൊലപാതക സമയത്ത് ഉണ്ടായിരുന്നതാണന്ന് പോലീസ് പറഞ്ഞു.

മന്‍സൂര്‍ വധക്കകേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ തൂങ്ങിമരണം കൊലപാതകമാണെന്ന ആരോപണം ശക്തമായിരുന്നു. എന്നാല്‍ മരണം സംഭവിച്ച്‌ രണ്ടുമാസത്തിനുശേഷം വിശദീകരണവുമായി പോലീസ് രംഗത്തെത്തുകയാണ്. രതീഷിന്റെ ദുരൂഹ മരണം ആത്മഹത്യ തന്നെയാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ മന്‍സൂര്‍ കൊല്ലപ്പെടുന്ന ദിവസം സംഘര്‍ഷത്തില്‍ ഉണ്ടായതാണെന്നും പൊലീസ് പറയുന്നു. സാഹചര്യത്തെളിവുകളുടെയും കൂട്ടു പ്രതികളുടെ മൊഴികളുടെയും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ വിശദമായ റിപ്പോര്‍ട്ടിന്റെയും കൂടി അടിസ്ഥാനത്തിലാണ് ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

മന്‍സൂര്‍ വധത്തിനുശേഷം മൂന്നാം ദിവസമാണ് വളയത്തെ കശുമാവിന്‍ തോട്ടത്തില്‍ രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ആരോപണം ശക്തമായതോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണത്തിന്റെ ചുമതല നല്‍കി വടകര റൂറല്‍ എസ്പി നേരിട്ട് കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു.