യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി മാറ്റി. തുര്‍ക്കിയിലെ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഇസ്‌താംബൂളില്‍ നടക്കേണ്ടിയിരുന്ന മത്സരത്തിന്റെ വേദി മാറ്റിയത്. ഈ മാസം 29 ന് നടക്കേണ്ട ഫൈനല്‍ മത്സരത്തിന് ഇസ്‌താംബൂളിന് പകരം പോര്‍ച്ചുഗലിലെ പോര്‍ട്ടോ വേദിയാകും. യുവേഫ തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്.

 

ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലാണ് പോരാട്ടം. ബ്രിട്ടന്റെ റെഡ് സോണിലാണ് തുര്‍ക്കിയെ കോവിഡ് സാഹചര്യം വിലയിരുത്തി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ബ്രിട്ടന്‍ സര്‍ക്കാര്‍ അവിടെ നിന്നുള്ളവരെ തുര്‍ക്കിയിലേക്ക് പോകുവാന്‍ അനുവദിക്കില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് മത്സരം കാണാന്‍ പോകുവാനും സാധിക്കില്ല. എന്നാല്‍ പോര്‍ട്ടുഗല്‍ ബ്രിട്ടന്റെ ഗ്രീന്‍ സോണിലായതിനാലാണ് മത്സരം അവിടെ നടത്താനും ആരാധകര്‍ക്ക് എത്തിച്ചേരുവാന്‍ സാധിക്കുകയും ചെയ്യും.