കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്നു ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായി ആശുപത്രിയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു ജിമ്മില്‍ വ്യായാമം ചെയ്യവെ ഗാംഗുലിക്കു നെഞ്ചുവേദനയനുഭവപ്പെട്ടത്. തുടര്‍ന്ന് കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ്ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകീട്ട് ആഞ്ചിയോപ്ലാസ്റ്റിക്ക് അദ്ദേഹത്തെ വിധേയനാക്കുകയും ചെയ്തിരുന്നു.

ഗാംഗുലി ഇപ്പോള്‍ ആരോഗ്യവാനാണ്. എന്നോടു അദ്ദേഹം സംസാരിക്കുകയും ചെയ്തു. ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനാക്കുകയെന്ന ശരിയായ തീരുമാനം ഉചിതമായ സമയത്തു തന്നെയെടുത്ത ആശുപത്രി അധികൃതരോടും ഡോക്ടര്‍മാരോടും നന്ദി അറിയിക്കുകയാണ്. ഗാംഗുലിയെപ്പോലുള്ള അന്താരാഷ്ട്ര കായിക താരങ്ങള്‍ എന്തുകൊണ്ട് സ്ഥിരമായി ചെക്കപ്പുകള്‍ വിധേയരാവാത്തത് എന്തു കൊണ്ടാണെന്നറിയില്ല. മല്‍സരങ്ങള്‍ക്കു മുമ്ബ് ക്രിക്കറ്റ് താരങ്ങളെ ചെക്കപ്പിന് വിധേയരാക്കാന്‍ അവിഷേക് ഡാല്‍മിയയോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും മമത വ്യക്തമാക്കി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് അവിഷേക് ഡാല്‍മിയ. മുന്‍ ബിസിസിഐ പ്രസിഡന്റ് കൂടിയായിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയയുടെ മകനാണ് അദ്ദേഹം.

മമതയ്ക്കു മുമ്ബ് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും വുഡ്‌ലാന്റ്‌സ് ആശുപത്രിയില്‍ ഗാംഗുലിയെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഗാംഗുലിയെ വളരെ സന്തോഷവാനായി കാണപ്പെട്ടപ്പോള്‍ ഏറെ ആശ്വാസം തോന്നിയതായും അദ്ദേഹം പിന്നീട് പ്രതികരിച്ചിരുന്നു. അതേസമയം, ഗാംഗുലിയുടെ തുടര്‍ ചികില്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു വേണ്ടി കാര്‍ഡിയാക്ക് സര്‍ജന്‍ ദേവി ഷെട്ടി തിങ്കളാഴ്ച കൊല്‍ക്കത്തയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ആഞ്ചിയോപ്ലാസ്റ്റിക്കു ശേഷം ഗാംഗുലിയെ കൊവിഡ് ടെസ്റ്റിനു വിധേയനാക്കിയിരുന്നെങ്കിലും പരിശോധനാഫലം നെഗറ്റിവായിരുന്നു.

ഐപിഎല്ലിന്റെ 13ാം സീസണ്‍ വിജയകരമായി യുഎഇയില്‍ നടത്തുന്നതിനു ചുക്കാന്‍ പിടിച്ച ഗാംഗുലി ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ജനുവരി 10നു തുടങ്ങുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിടെയാണ് രാജ്യത്തു ആഭ്യന്തര മല്‍സരങ്ങള്‍ പുനരാരംഭിക്കുന്നത്. ബിസിസിഐ പ്രസിഡന്റായ ശേഷം പല നിര്‍ണായക തീരുമാനങ്ങളുമെടുത്ത് ദാദ ഭരണരംഗത്തും തന്റെ നേതൃമികവ് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റില്‍ കളിച്ചത് ഗാംഗുലിയുടെ കരിയറിലെ പ്രധാന നാഴികക്കല്ലുകളിലൊന്നായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനു മുമ്ബ് ഡേ- നൈറ്റ് ടെസ്റ്റ് കളിക്കാന്‍ വിമുഖത കാണിച്ച ടീമുമായി സംസാരിച്ച്‌ അവരെ ഇതിനു തയ്യാറാക്കിയെടുക്കാന്‍ ദാദയ്ക്കു കഴിഞ്ഞിരുന്നു.