മനാമ > അന്താരാഷ്ട്ര വിമാനങ്ങള്ക്ക് ഏര്പ്പെടുത്തിയ താല്ക്കാലിക വിലക്ക് സൗദി പിന്വലിച്ചു. ഞായറാഴ്ച രാവിലെ സൗദി സമയം 11 മുതല് വിമാന സര്വീസുകള് തുടങ്ങി. ഇതോടൊപ്പം കര, കടല് വഴിയുള്ള പ്രവേശന വിലക്കും നീക്കി.

ബ്രിട്ടനിലും ചില യൂറോപ്യന് രാജ്യങ്ങളിലും ജനിതകമാറ്റം വന്ന കൊറോണവൈറസ് കണ്ടെത്തിയ സാഹചര്യത്തില് ഡിസംബര് 20 നാണ് അന്താരാഷ്ട്ര വിമാന സര്വീസ് സൗദി നിര്ത്തിവെച്ചത്.

ബ്രിട്ടന്, ദക്ഷിണാഫ്രിക്ക തുടങ്ങി വൈറസ് വകഭേദം സംഭവിച്ച രാജ്യങ്ങളില് നിന്നുവരുന്ന സൗദി പൗരന്മാരല്ലാത്തവര്ക്ക് പ്രവേശനത്തിന് നിബന്ധന ഏര്പ്പെടുത്തി. ഈ രാജ്യങ്ങളില് നിന്നുള്ളവര് സൗദിയില് പ്രവേശിക്കുന്നതിന് മുന്പ് 14 ദിവസം മറ്റൊരു രാജ്യത്ത് ക്വാറന്റയ്നില് കഴിഞ്ഞിരിക്കണം. തുടര്ന്ന് കോവിഡില്ലെന്ന് തെളിയിക്കുന്ന പിസിആര് ടെസ്റ്റ് നടത്തിയിരിക്കണം. അതേസമയം, ഈ രാജ്യങ്ങളില് നിന്ന് വരുന്ന സൗദി പൗരന്മാരെ മാനുഷിക കാരണങ്ങളാല് രാജ്യത്തേക്ക് പ്രവേശിക്കാന് അനുവദിക്കും. ഇവര് 14 ദിവസം വീടുകളില് നിരീക്ഷണത്തില് കഴിയണം. ഇവര്ക്ക് രാജ്യത്ത് എത്തി 48 മണിക്കൂറിനകവും ക്വാറന്റയ്നില് കഴിയുന്ന 13 -ാം ദിവസവും പിസിആര് ടെസ്റ്റ് നടത്തും.

വകഭേദം സംഭവിച്ച വൈറസ് റിപ്പോര്ട്ട് ചെയ്യാത്ത രാജ്യങ്ങളില് നിന്നും വരുന്നവര്ക്ക് നിലവിലുള്ള മുന്കരുതലുകള് തുടരും.

ബ്രിട്ടനിലാണ് ജനിതകമാറ്റം വന്ന വൈറസ് ആദ്യമായി കണ്ടെത്തിയത്. തുടര്ന്ന് ഫ്രാന്സ്, സ്വീഡന്, സ്പെയിന് എന്നിവയുള്പ്പെടെ യൂറോപ്യന് രാജ്യങ്ങളില് റിപ്പോര്ട്ട് ചെയ്യപ്പെട്ടു. ദക്ഷിണാഫ്രിക്ക, ജോര്ദാന്, കാനഡ, ജപ്പാന് എന്നിവിടങ്ങളിലും ഇത് കണ്ടെത്തി

കോവിഡ്-19 നെതിരെ സൗദി അറേബ്യ വാക്സിനുകള് നല്കി തുടങ്ങിയിട്ടുണ്ട്. ഫൈസര് വാക്സിനാണ് നല്കുന്നത്. ആദ്യ ഘട്ടം മുന്നിര ആരോഗ്യ പ്രവര്ത്തകര്ക്കും ഉയര്ന്ന് അപകട സാധ്യതയുള്ളവര്ക്കുമാണ് നല്കുന്നത്.

പുതിയ കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില് സൗദിയില് ക്രമാനുഗതമായ കുറവുണ്ട്. ശനിയാഴ്ച രാജ്യത്ത് 101 പുതിയ കേസുകള് മാത്രമാണ് രേഖപ്പെടുത്തിയത്. ഒമ്ബത് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

സൗദിയില് ഇതുവരെ 3,62,979 പേര്ക്ക് ഈ രോഗം സ്ഥിരീകരിച്ചു. ഇതുവരെ 6,239 പേര് മരിച്ചു. 3,54,263 പേര്ക്ക് രോഗം ഭേദമായി. 2,772 പേരാണ് നിലവില് ചികിത്സയില് കഴിയുന്നത്. ഇതില് 401 പേര് ഗുരുതരാവസ്ഥയിലാണ്.