ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രധാനപാതകളും ഉപരോധിക്കുമെന്ന കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പിന് പിന്നാലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷാസന്നാഹം ശക്തമാക്കി. സര്‍ക്കാര്‍ അനുവദിച്ച ബുറാഡിയിലെ മൈതാനത്തേക്ക് മാറണമെന്ന് ഡല്‍ഹി പൊലീസ് പ്രക്ഷോഭകാരികളോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷക നേതാക്കളെ ഇന്ന് മൂന്ന് മണിക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തില്‍ സിംഗു അടക്കമുള്ള മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി കഴിഞ്ഞു. ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഡല്‍ഹിയിലേക്കുള്ള മുഴുവന്‍ പാതകളും സ്തംഭിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന് പിന്നാലെ ഡല്‍ഹി അതിര്‍ത്തിയില്‍ ഉടനീളം പൊലീസ് സന്നാഹം വര്‍ധിപ്പിച്ചു. കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി എത്തിക്കൊണ്ടിരിക്കുകയാണ്. യുപി അതിര്‍ത്തിയായ ഗാസിയാബാദില്‍ പരിശോധനകള്‍ ശക്തമാക്കി. ഏത് സാഹചര്യവും നേരിടാന്‍ തയാറാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഡല്‍ഹി-ഹരിയാന അതിര്‍ത്തി മേഖലകളായ സിംഗുവും തിക്രി അതിര്‍ത്തിയും അടച്ചിട്ടിരിക്കുകയാണ്. കര്‍ണാല്‍ ദേശീയപാതയിലെ പ്രക്ഷോഭം കാരണം ഹരിയാനയിലേക്കും പഞ്ചാബിലേക്കുമുള്ള റോഡ് ഗതാഗതം തടസപ്പെട്ടു.