ലോസ് ആഞ്ചല്‍സില്‍ ആളിപ്പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പതിനായിരക്കണക്കിന് കെട്ടിടങ്ങളും ആഡംബര മാളികകളും കത്തിയെരിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലോകം സാക്ഷ്യം വഹിച്ചത്. കൂടുതല്‍ സ്ഥലത്തേക്ക് തീ പടര്‍ന്നതോടെ കാട്ടുതീ അണയ്ക്കുന്നതില്‍ പേരെടുത്ത സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനങ്ങളുടെ സേവനം കൂടുതലായി വിനിയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

കാട്ടുതീ പോലുള്ള വലിയ ദുരന്തങ്ങള്‍ നേരിടുന്നതിനായി പ്രത്യേകം നിര്‍മിച്ചവയാണ് കാനേഡിയന്‍ സിഎല്‍ 415 സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനം. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുപൊങ്ങാനും കഴിയുന്ന ആംഫിബിയസ് വിമാനങ്ങളെയാണ് സൂപ്പര്‍ സ്‌കൂപ്പറുകള്‍ എന്ന് വിളിക്കുന്നത്. 16,000 ഗാലണ്‍ വെള്ളം വരെ സംഭരിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. ഹെലികോപ്ടറുകളെക്കാളും എയര്‍ ടാങ്കറുകളെക്കാളും ഫലപ്രദമാണ് സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനങ്ങള്‍.

തീ പടരുന്ന പ്രദേശങ്ങളിലേക്ക് വാട്ടര്‍ ബോംബ് പോലെ ജലവര്‍ഷം നടത്താന്‍ ഈ വിമാനങ്ങള്‍ക്ക് ആകും. സാധാരണ വിമാനങ്ങള്‍ അവയുടെ ബക്കറ്റുകളില്‍ വെള്ളം തളിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ തീപിടുത്തം ഉണ്ടായ സ്ഥലങ്ങളില്‍ 150, 200 മീറ്റര്‍ ഉയരത്തില്‍ ടാങ്കില്‍ നിന്ന് വെള്ളം നേരെ താഴേക്ക് സ്പ്രെഡ് ചെയ്യാന്‍ സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനങ്ങള്‍ക്ക് ആകും.

ജലോപരിതലത്തില്‍ പറന്നിറങ്ങാനും വെള്ളത്തിന് മുകളില്‍ തെന്നി നീങ്ങി 12 സെക്കന്‍ഡുകള്‍ കൊണ്ട് 1600 ഗാലന്‍ വെള്ളം ടാങ്കിലേക്ക് നിറയ്ക്കാനും ഈ വിമാനങ്ങള്‍ക്ക് സാധിക്കും. ജലോപരിതലത്തില്‍ 100 മുതല്‍ 160 കിലോമീറ്റര്‍ വേഗത്തിലും ഇവയ്ക്ക് നീങ്ങാനാകും. വായുവില്‍ 350 കിലോമീറ്റര്‍ വരെയാണ് വേഗത.

രണ്ട് കനേഡിയന്‍ സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനങ്ങളാണ് ലോസ് ആഞ്ചല്‍സിനുള്ളത്. എന്നാല്‍ നിലവില്‍ ഇതില്‍ ഒന്ന് മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. ഒരെണ്ണം രക്ഷാപ്രവര്‍ത്തനത്തിനിടെ ഡ്രോണ്‍ ഇടിച്ച് തകരാറിലായിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞാലുടന്‍ രക്ഷാപ്രവര്‍ത്തനത്തിന് വീണ്ടും ഉപയോഗിക്കും.

ലോസ് ഏഞ്ചല്‍സിലുണ്ടായ കാട്ടുതീയില്‍ ഇതുവരെ 24 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേരെ കാണാനില്ലെന്നാണ് വിവരം. കഴിഞ്ഞ ഏഴ് ദിവസമായി പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ 12,000 കെട്ടിടങ്ങളാണ് കത്തി ചാമ്പലായത്. കഴിഞ്ഞ ദിവസമാണ് ലോസ് ആഞ്ചല്‍സില്‍ കാട്ടു തീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്. ഒന്നര ലക്ഷത്തോളം ആളുകളെയാണ് സ്ഥലത്ത് നിന്നും ഒഴിപ്പിച്ചത്.