കാട്ടുതീ നാശം വിതയ്ക്കുന്ന ലോസ് ആഞ്ചലസിലെ ഉന്നതര്‍ സ്വകാര്യ ഫയര്‍ എഞ്ചിനുകള്‍ വാടകയ്ക്ക് എടുത്ത് തങ്ങളുടെ വീടുകളും കെട്ടിടങ്ങളും സംരക്ഷിക്കാന്‍ ശ്രമിക്കുന്നെന്ന് റിപ്പോര്‍ട്ട്. അഗ്‌നിശമന സേനാംഗങ്ങള്‍ പരിമിതമായ വിഭവങ്ങളുമായി തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിഐപികള്‍ സ്വകാര്യ സംവിധാനങ്ങളെ ആശ്രയിക്കാനാരംഭിച്ചത്. സ്വകാര്യ അഗ്‌നിശമന സേനാംഗങ്ങളെ മണിക്കൂറിന് 2,000 ഡോളറിന് നിയമിക്കുകയായിരുന്നുവെന്ന് ദി മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വകാര്യ അഗ്‌നിശമന കമ്പനികള്‍ സ്വന്തം ഫയര്‍ എഞ്ചിനുകള്‍, അഗ്‌നിശമന രാസവസ്തുക്കള്‍, മറ്റ് വ്യാവസായിക നിലവാരമുള്ള ഉപകരണങ്ങള്‍ എന്നിവയുമായി ഇറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് ഭീമനായ റിക്ക് കരുസോ തന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ സ്വകാര്യ അഗ്‌നിശമന സേനാംഗങ്ങളെ ഉപയോഗിച്ചതായി ലോസ് ആഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഫയര്‍ട്രക്കും അഞ്ച് വ്യത്യസ്ത സ്വകാര്യ കമ്പനികളില്‍ നിന്നുള്ള ഒരു ഡസനോളം സ്വകാര്യ അഗ്‌നിശമന സേനാംഗങ്ങളും കരുസോയുടെ വീടിന് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യ അഗ്‌നിശമന കമ്പനികള്‍ ലാഭം കൊയ്യുമ്പോള്‍, അവരുടെ സഹായം തേടുന്നവര്‍ ഓണ്‍ലൈനില്‍ വന്‍ വിമര്‍ശനങ്ങള്‍ നേരിട്ടു. സ്വന്തം കാര്യം മാത്രം നോക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് സാഹചര്യമെന്ന് വിമര്‍ശകര്‍ പറയുന്നു. കോടീശ്വരനായ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനായ കീത്ത് വാസ്മാന്‍, പസഫിക് പാലിസേഡിലെ തന്റെ വീട് രക്ഷിക്കാന്‍ സ്വകാര്യ അഗ്‌നിശമന സേനാംഗങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തെ ആക്ഷേപിച്ച് നിരവധി പേര്‍ രംഗത്തെത്തി. 

കാട്ടുതീയില്‍ ഇതുവരെ 24 പേര്‍ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്തു. 12,000-ത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു.