ദശലക്ഷക്കണക്കിന് ഭവന മോഷണങ്ങളും കവർച്ചകളും നടത്തിയ തെക്കൻ കാലിഫോർണിയ “ക്രൈം ടൂറിസം” റിംഗിൻ്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്ന ആറ് പേർക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്.
ദക്ഷിണ കാലിഫോർണിയ നിവാസികളുടെ വീടുകളിൽ നിന്ന് ആഡംബര വസ്തുക്കൾ മോഷ്ടിച്ചത് ഉൾപ്പെടെ തെക്കേ അമേരിക്കയിൽ നിന്നുള്ള ക്രൈം ടൂറിസം ഗ്രൂപ്പുകളെക്കുറിച്ചുള്ള വിപുലമായ ഫെഡറൽ അന്വേഷണത്തിൻ്റെ ഫലമായാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് പുറത്തു വരുന്ന വിവരം.
ആഡംബര വസ്‌തുക്കൾ മോഷ്ടിച്ചതിന് പുറമേ, യുഎസിലായിരിക്കുമ്പോൾ ഐഡൻ്റിറ്റി മോഷ്‌ടിക്കുകയും ദശലക്ഷക്കണക്കിന് കള്ളപ്പണം വെളുപ്പിക്കുകയും ചെയ്‌തതായും ഇവർക്കെതിരെ പരാതി ഉണ്ടെന്ന് നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ പറഞ്ഞു.
കാന്യോൺ കൺട്രിയിലെ ജുവാൻ കാർലോസ് തോല-ഡുറൻ (57) ആണ് കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയതെന്നും യുഎസിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് മോഷണം നടത്താൻ ഇയാൾ സംഘങ്ങളെ അയച്ചതായും പ്രോസിക്യൂട്ടർമാർ ആരോപിച്ചു. മോഷ്ടാക്കൾ വീടുകളിലും കടകളിലും മോഷണം നടത്തുകയും ബാങ്ക് ക്രെഡിറ്റ് കാർഡുകൾ മോഷ്ടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
46 പേജുള്ള കുറ്റപത്രത്തിൽ പിടിയിലായ ആറ് വ്യക്തികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പ്, ഗൂഢാലോചന, ഫെഡറൽ ഫിനാൻസ് ഏജൻസികളിൽ റിപ്പോർട്ട് ചെയ്യാതിരിക്കാൻ ഇടപാടുകൾ രൂപപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
“രാജ്യത്തുടനീളം നൂറുകണക്കിന് കവർച്ചകൾ നടത്തിയ ക്രൈം ടൂറിസ്റ്റുകൾക്ക് ഈ പ്രതികൾ സൗകര്യമൊരുക്കുകയും അവരെ നയിക്കുകയും ചെയ്തു. അതായത് അവർ കള്ളന്മാരുടെ ഒരു ടീമിൻ്റെ നട്ടെല്ലായി ഇവർ പ്രവർത്തിച്ചു എന്നും അധികൃതർ വ്യക്തമാക്കി.
തോല-ദുരൻ നടത്തുന്ന കമ്പനിയായ ഡ്രൈവർ പവർ റെൻ്റൽസ് വഴി ക്രൈം ടൂറിസ്റ്റുകൾക്ക് കൊള്ളയടിക്കാൻ വാഹനങ്ങൾ നൽകിയത് തോല-ദുരനും അവൻ്റെ കാമുകി അന മരിയ അരിഗഡയും (41) ആണെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
കള്ളന്മാർ ക്രെഡിറ്റ് കാർഡുകൾ മോഷ്ടിച്ചുകഴിഞ്ഞാൽ, ചില്ലറ വ്യാപാരികളിൽ നിന്ന് ഗിഫ്റ്റ് കാർഡുകൾ, ഇലക്ട്രോണിക്സ്, ആഡംബര വസ്തുക്കൾ എന്നിവ വാങ്ങി കാർഡുകളുടെ പരിധി പരമാവധിയാക്കാൻ തോല-ദുരൻ നിർദ്ദേശിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. മോഷ്ടിച്ച സാധനങ്ങൾ മോഷ്ടാക്കളുടെ പക്കൽ നിന്ന് സാധനങ്ങളുടെ വിലയുടെ ഒരു ചെറിയ തുകയ്ക്ക് വാങ്ങാൻ ഇയാൾ വാഗ്ദാനം ചെയ്തതായും പ്രോസിക്യൂട്ടർമാർ പറഞ്ഞു.
തോല-ദുരൻ മോഷണത്തിൽ നിന്നും ഏകദേശം 5.5 മില്യൺ ഡോളർ സമ്പാദിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് അദ്ദേഹം കുതിരകൾ, റിയൽ എസ്റ്റേറ്റ്, ആഡംബര വസ്തുക്കൾ എന്നിവ വാങ്ങിയതായും റിപ്പോർട്ടുണ്ട്.



