ടെക്സാസ്: വടക്കുകിഴക്കന്‍ ടെക്സാസില്‍ ബുധനാഴ്ച രാവിലെ 14 പേരുമായി പോയ വാന്‍ മറിഞ്ഞ് നാല് പേര് മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. ഷെവര്‍ലെ എക്സ്പ്രസ് വാനിലെ എല്ലാ യാത്രക്കാരും മുതിര്‍ന്നവരാണ്, വൈസ് കൗണ്ടിയിലെ അല്വോര്ഡിന് സമീപം റോഡിന്റെ ഇടതുവശത്ത് നിന്ന് വാന്‍ വടക്കോട്ട് പോകുകയായിരുന്നു. ഫോര്‍ട്ട് വര്‍ത്തില്‍ നിന്ന് ഏകദേശം 70 മൈല്‍ വടക്കുപടിഞ്ഞാറായാണ് അല്വോര്ഡ് സ്ഥിതി ചെയ്യുന്നത്.
വാന്‍ റോഡില്‍ നിന്ന് തെന്നിമാറിയപ്പോള്‍ ഡ്രൈവര്‍ കണ്ട്രോള് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അപകടത്തില്‍പ്പെടുകയായിരുന്നു. ഡ്രൈവര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. സംഭവസ്ഥലത്തുവച്ച് മരിച്ച മൂന്നുപേരില്‍ ഡ്രൈവറും ഉള്‍പ്പെട്ടതായി ടെക്സസ് ഹൈവേ പട്രോള്‍ ട്രൂപ്പര്‍മാര്‍ പറഞ്ഞു. മറ്റൊരാള്‍ പിന്നീട് പ്രാദേശിക ആശുപത്രിയില്‍വച്ചാണ് മരിച്ചത്.
14 യാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്നും സീറ്റ് ബെല്‍റ്റ് ധരിച്ചയാള്‍ അപകടനില തരണം ചെയ്തുവെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. മൂന്ന് യാത്രക്കാരെ എയര്‍ലിഫ്റ്റ് ചെയ്തു. ആംബുലന്‍സുകളില്‍ എട്ട് പേരെയും എത്തിച്ചു. അപകടത്തില്‍പ്പെട്ടവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല.



