ഉത്തര കരോലിനയിലും തെക്കന്‍ കരോലിനയിലും പടര്‍ന്നുപിടിച്ച കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 4200 ഓളം ഏക്കര്‍ സ്ഥലം കത്തിനശിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മിര്‍ട്ടില്‍ ബീച്ചിനു സമീപമുള്ള കരോലിന വനത്തില്‍ പടര്‍ന്നുപിടച്ച കാട്ടുതീയാണ് ഏറ്റവും വലുത്. 1200 ഏക്കര്‍ സ്ഥലമാണ് കത്തിനശിച്ചത്. 300 ഏക്കര്‍ പ്രദേശം കത്തിനശിച്ച ഹോറി കൗണ്ടിയിലെ തീയണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വാക്കേഴ്‌സ് വുഡ്‌സ്, അവലോണ്‍, മിര്‍ട്ടില്‍ ബീച്ച് സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.

സൗത്ത് കരോലിന ഗവര്‍ണര്‍ ഹെന്റി മക് മാസ്റ്റര്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജോര്‍ജ്ടൗണ്‍, പിക്കെന്‍സ്, പോക് കൗണ്ടീസ് എന്നിവിടങ്ങളില്‍ പുതുതായി രൂപംകൊണ്ട കാട്ടുതീ 400 ഏക്കര്‍ പ്രദേശത്തേക്ക് വ്യാപിക്കുകയാണ്.

ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയുമാണ് കാട്ടുതീ പടരാനുള്ള കാരണം. തീപിടിത്തത്തെ തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര കരോലിനയില്‍ തീപിടിത്തം കാരണം വീടുകള്‍ക്കും മറ്റുമായി അപകടം ഉണ്ടായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രയോണ്‍ മുതല്‍ സലുഡ വരെ ഹൈവേ 176-ലെ ആളുകളെ അധികൃതര്‍ ഒഴിപ്പിച്ചു.

തീ നിയന്ത്രിക്കാന്‍ രണ്ട് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ഉപയോഗിച്ച് ശ്രമം തുടരുകയാണ്. തീപ്പിടിത്ത സാധ്യത കൂടുതലായതിനാല്‍, ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വിഭാഗവും മുന്നറിയിപ്പു നല്‍കി.