ന്യൂയോര്‍ക്ക്: അമേരിക്കയെ നടുക്കി വീണ്ടും ഒരു വെടിവയ്പ്പു വാര്‍ത്ത. ഇല്ലിനോയിയിലുണ്ടായ വെടിവയ്പ്പില്‍ ആറു മരണം. 16 പേര്‍ക്കു പരുക്ക്. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന്റെ ഭാഗമായി ഹൈലാന്‍ഡ് പാര്‍ക്കില്‍ നടന്ന പരേഡിനിടെയായിരുന്നു വെടിവയ്പ്പ്.
റോഡിനിരുവശവും അണിനിരന്ന നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയായിരുന്നു വാദ്യഘോഷങ്ങളടക്കം പരേഡ് നടന്നത്. ഇതിനിടയിലായിരുന്നു വെടിവയ്പ്പ്. ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതാണെന്നായിരുന്നു ആദ്യം കരുതിയത്. പോലീസ് ഉള്‍പ്പെടെ സുരക്ഷാസേനാംഗങ്ങള്‍ കുതിച്ചെത്തിയതോടെയാണു വെടിവയ്പ്പാണെന്നു മനസിലായത്.
ഇതോടെ പരേഡില്‍ അണിനിരന്നവരും കാഴ്ചക്കാരും ചിതറിയോടി. വെടിയേറ്റു വീണവരെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറു പേര് മരിച്ചു. പരുക്കേറ്റവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്തെത്തിയ പോലീസിനെ കബളിപ്പിച്ച് അക്രമി രക്ഷപ്പെട്ടതായാണു വിവരം. 18-20 വയസുകാരനാണ് വെടിയുതിര്‍ത്തതെന്നും ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.



